മഞ്ചേരി: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി അത്യാസന്ന നിലയിലായ കുഞ്ഞിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ തീവ്രശ്രമത്തിൽ പുതുജീവൻ. മഞ്ചേരി മുട്ടിപ്പാലം സ്വദേശിയായ 10 മാസം പ്രായമായ കുഞ്ഞിനാണ് ജീവൻ തിരിച്ചുകിട്ടിയത്.
കളിച്ചുകൊണ്ടിരിക്കെ കുഞ്ഞ് പെട്ടെന്ന് പ്രത്യേക ശബ്ദത്തിൽ കരയുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ. സയൻ, നഴ്സുമാരായ ഉമ്മർ, ജയശ്രീ, നസീബ എന്നിവരടങ്ങിയ സംഘം കുട്ടിയുടെ തൊണ്ടയിൽ പച്ച നിറത്തിലുള്ള ഒരു വസ്തു കണ്ടെത്തി. തൊണ്ടയിൽ പൂർണമായും അടഞ്ഞുനിന്നിരുന്ന വസ്തു നീണ്ട പരിശ്രമത്തിലൂടെ പുറത്തെടുത്തു. ഇതോടെ കുട്ടിയുടെ ശ്വാസം സാധാരണ നിലയിലാവുകയായിരുന്നു.