ലണ്ടൻ: അമേരിക്കൻ ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സീറ്റുമായുള്ള ബന്ധത്തിന്റെ പേരിൽ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത നയതന്ത്രജ്ഞൻ പീറ്റർ മണ്ടേൽസണിനെ ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ചയാണ് അറസ്റ്റിലായത്. അധികാര ദുർവിനിയോഗത്തിന്റെ പേരിലാണു നടപടിയെന്നു സൂചനയുണ്ട്.
അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന മണ്ടേൽസണിനെ ആ പദവിയിൽനിന്നു സെപ്റ്റംബറിൽ പുറത്താക്കിയിരുന്നു. അടുത്തിടെ അമേരിക്കൻ സർക്കാർ പുറത്തുവിട്ട എപ്സ്റ്റീൻ കേസ് രേഖകളിൽ മണ്ടേൽസണും എപ്സ്റ്റീനും തമ്മിൽ പുറത്തറിയുന്നതിനേക്കാൾ അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ ലേബർ പാർട്ടിയിലെ അംഗത്വം മണ്ടേൽസൺ ജനുവരിയിൽ രാജിവച്ചിരുന്നു.
ബ്രിട്ടനിലെ രാജാവ് ചാൾസിന്റെ അനുജൻ ആൻഡ്രൂവിനെയും എപ്സ്റ്റീൻ ബന്ധത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയിൽനിന്നു വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ആൻഡ്രൂ ബ്രിട്ടീഷ് വാണിജ്യകാര്യ പ്രതിനിധിയായിരിക്കേ രഹസ്യ സർക്കാർ രേഖകൾ എപ്സ്റ്റീന് കൈമാറിയെന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്.