ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സിബിഐ സ്പെഷൽ ലീവ് പെറ്റീഷൻ സമർപ്പിച്ചു. സിബിഐ നൽകിയ അപ്പീലിൽ തിങ്കാഴ്ച സുപ്രീം കോടതി അടിയന്തര വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തിയായിരിക്കും വാദം കേള്‍ക്കുക.
കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കുൽദീപ് സിംഗ് സെൻഗാറിനെ പുറത്തുവിട്ടാൽ അതീജിവിതയുടെ ജീവൻ അപകടത്തിലാകുമെന്നാണ് സിബിഐ ഹര്‍ജിയിൽ പറയുന്നത്.
പോക്സോ വകുപ്പടക്കം ചുമത്തിയ കേസിന്റെ ഗൗരവം ഡൽഹി ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നും സിബിഐ പറയുന്നു. അതേസമയം ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ തന്റെ കുടുംബത്തെ ഇല്ലാതെയാക്കുമെന്ന് കുൽദീപ് സെൻഗാർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന വെളിപ്പെടുത്തലുമായി ഉന്നാവിലെ അതിജീവിതയുടെ അമ്മ രംഗത്തെത്തി.
പ്രതിക്ക് ജാമ്യം കിട്ടിയതോടെ പേടിച്ചാണ് കുടുംബം കഴിയുന്നത്. ജാമ്യം പിൻവലിച്ചില്ലെങ്കിൽ വീണ്ടും തങ്ങള്‍ക്കെതിരെ ആക്രമണം നടക്കും. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിജീവിതയുടെ അമ്മ പറഞ്ഞു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സിബിഐ ഹർജിയിൽ ആവശ്യപ്പെടുന്നത്.