ന്യൂഡൽഹി: 29 കേന്ദ്ര തൊഴിൽനിയമങ്ങൾ പുനഃസ്ഥാപിച്ചുകൊണ്ട് കൊണ്ടുവന്ന പുതിയ നാല് തൊഴിൽ കോഡുകൾ ഇന്നലെമുതൽ പ്രാബല്യത്തിലായതായി കേന്ദ്രസർക്കാർ.
സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും സമഗ്രമായ തൊഴിൽ കേന്ദ്രീകൃത പരിഷ്കാരങ്ങളിൽ ഒന്നാണെന്നാണ് പുതിയ തൊഴിൽ കോഡുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ വിശേഷിപ്പിച്ചത്. എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം, സമയബന്ധിതമായ വേതനം, നിയമന കത്തുകൾ തുടങ്ങിയ നിയമപരമായ അവകാശങ്ങൾ ഉറപ്പിക്കുന്നതാണ് പുതിയ കോഡുകളെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
വേതന കോഡ് (2019), ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (2020), സോഷ്യൽ സെക്യൂരിറ്റി കോഡ് (2020), ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് (2020) എന്നീ തൊഴിൽ കോഡുകളാണ് പ്രാബല്യത്തിലായത്.
പുതിയ നിയമങ്ങൾ തൊഴിലാളിവിരുദ്ധവും തൊഴിലുടമകൾക്ക് അനുകൂലവുമാണെന്നും വിശേഷിപ്പിച്ച് പ്രതിപക്ഷത്തുള്ള പത്ത് ട്രേഡ് യൂണിയൻ സംഘടനകൾ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിൽ നിയമങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കിയതിനെ അപലപിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ച സംഘടനകൾ നാല് തൊഴിൽ കോഡുകൾ തൊഴിലാളി ജനതയ്ക്കെതിരായ യുദ്ധമാണെന്നും വിശേഷിപ്പിച്ചു.
വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും പണപ്പെരുപ്പത്തിനുമിടയിലെ വിജ്ഞാപനങ്ങൾ യജമാന-ദാസ ബന്ധത്തിന്റെ ചൂഷണ കാലഘട്ടത്തിലേക്ക് തിരികെകൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും യൂണിയനുകൾ ആരോപിച്ചു. തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെതിരേ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലുള്ള കർഷകരോടൊപ്പം ഈമാസം 26ന് പ്രതിഷേധിക്കാനും യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഡുകൾക്കു കീഴിലെ പുതിയ ശന്പള മാനദണ്ഡങ്ങൾ പ്രകാരം എല്ലാ ഐടി, ഐടി എനേബിൾഡ് സർവീസസ് (ഐടിഇഎസ്) മേഖലയിലെ കന്പനികളും എല്ലാ മാസവും ഏഴിനുള്ളിൽ തങ്ങളുടെ ജീവനക്കാരുടെ ശന്പളം നൽകണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഐടി കന്പനികൾ തങ്ങളുടെ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തി ജീവനക്കാർക്ക് ‘തുല്യ ജോലിക്ക് തുല്യവേതനം’ നൽകണം.
വനിതാ തൊഴിലാളികൾക്ക് ഉയർന്ന വേതനം നേടുന്നതിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ സൃഷ്ടിക്കണം. കന്പനികൾ പീഡനം, വിവേചനം, വേതനം സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കു സമയബന്ധിതമായ പരിഹാരം ഉറപ്പാക്കണമെന്നും നിശ്ചിതകാല ജീവനക്കാർക്ക് സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളും നിർബന്ധിത നിയമന കത്തുകളും ഉറപ്പുനൽകണമെന്നും പുതിയ തൊഴിൽ നിയമങ്ങൾ നിർദേശിക്കുന്നു.
പ്രധാന പരിഷ്കാരങ്ങൾ
- സംഘടിത, അസംഘടിത മേഖലകളിലെ എല്ലാ തൊഴിലാളികൾക്കും നിർബന്ധിത നിയമന കത്തുകൾ. കത്തുകളിൽ തസ്തിക, വേതനം, സാമൂഹിക സുരക്ഷാ അവകാശങ്ങൾ എന്നിവ വ്യക്തമാക്കണം
- എല്ലാ തൊഴിലാളികൾക്കും മിനിമം വേതനത്തിനുള്ള നിയമപരമായ അവകാശം.
- 40 വയസിനു മുകളിലുള്ള തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ
- സമയബന്ധിതമായി വേതനം നൽകൽ, വിവേചനപരമോ വൈകിയതോ ആയ വേതനരീതികൾ അവസാനിപ്പിക്കൽ.
- ഖനനം, അപകടകരമായ വ്യവസായങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷാനടപടികളോടും സമ്മതത്തോടും കൂടി സ്ത്രീകൾക്കു രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അനുവാദം.
- സാധാരണ ജോലിസമയം പ്രതിദിനം എട്ടു മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. തൊഴിലാളിയുടെ സമ്മതത്തോടെ മാത്രമേ ഓവർടൈം അനുവദിക്കൂ, കൂടാതെ സാധാരണ നിരക്കിന്റെ ഇരട്ടി ശന്പളവും ലഭിക്കും.
- ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള സംരക്ഷണം ഉൾപ്പെടെയുള്ള ലിംഗഭേദമില്ലാത്ത തൊഴിൽ വ്യവസ്ഥകൾ.