തിരുവനന്തപുരം: ആർഎസ്പിക്ക് ഇരവിപുരത്തിനു പകരം ചടയമംഗലം നൽകിയേക്കും. സ്ഥാനാർഥിത്വത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രന്റെ പേരിനാണു മുൻതൂക്കം. യുഡിഎഫിൽ കൊല്ലത്ത് മൂന്നു സീറ്റുകളിലും തിരുവനന്തപുരത്ത് രണ്ടിടത്തും ജയസാധ്യതയുടെ അടിസ്ഥാനത്തിൽ വച്ചുമാറ്റത്തിനാണ് ആദ്യഘട്ട ചർച്ചയിൽ ധാരണ.
കൊല്ലം ജില്ലയിൽ ആർഎസ്പിയുടെ ഇരവിപുരം സീറ്റ് മുസ്ലിം ലീഗിനു നൽകി, ചടയമംഗലം സീറ്റ് ആർഎസ്പിക്കു നൽകാനാണ് ആലോചന. ലീഗിന്റെ പുനലൂർ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. പുനലൂർ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താൽ കെപിസിസി ജനറൽ സെക്രട്ടറി സൈമണ്‍ അലക്സ്, യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ സഞ്ജയ് ഖാൻ എന്നിവരെയാണു മത്സരരംഗത്തേക്കു പരിഗണിക്കുന്നത്. നിലവിൽ ഈ മൂന്നു സീറ്റുകളും യുഡിഎഫിനു നഷ്ടമായവയാണ്.
സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിനു തിരുവനന്തപുരം സീറ്റിനു പകരം തിരുവന്പാടിയാണു പരിഗണിക്കുന്നത്. യുഡിഎഫ് പൊതുസ്ഥാനാർഥിയെന്ന നിലയിൽ കരുതി സി.പി. ജോണിനു മത്സരിക്കാൻ തിരുവന്പാടി നൽകാൻ ലീഗ് തയാറാകുമെന്നാണു സൂചന.
തിരുവനന്തപുരം മണ്ഡലത്തിൽ സി.പി. ജോണ്‍ മത്സരിക്കുന്നില്ലെങ്കിൽ കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ, മുൻ എംഎൽഎയും നിലവിലെ കോർപറേഷൻ കൗണ്‍സിലറുമായ കെ.എസ്. ശബരീനാഥൻ, മുൻമന്ത്രി വി.എസ്. ശിവകുമാർ എന്നിവരുടെ പേരിനാകും മുൻതൂക്കം.
കെ. മുരളീധരൻ തിരുവനന്തപുരത്തു മത്സരിച്ചാൽ, വട്ടിയൂർക്കാവിൽ കെ.എസ്. ശബരീനാഥനാണു മുൻതൂക്കം. വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ പേരാണ് നേരത്തേ മുതൽ പറഞ്ഞുകേട്ടിരുന്നത്.
ആർഎസ്പി മത്സരിച്ചിരുന്ന ആറ്റിങ്ങൽ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്ത ശേഷം വാമനപുരം ആർഎസ്പിക്ക് നൽകാനാണ് പ്രാഥമിക ചർച്ചയിലെ ധാരണ. ആർഎസ്പിയുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ.എസ്. സനൽകുമാറിന്റെ പേരിനാണ് വാമനപുരത്ത് മുൻതൂക്കം. സംവരണ മണ്ഡലമായ ആറ്റിങ്ങലിൽ മുൻ മന്ത്രി പന്തളം സുധാകരന്റെ പേരിനാണു മുൻതൂക്കമുള്ളത്.
ഹൈക്കമാൻഡുമായുള്ള ഡൽഹി ചർച്ചയ്ക്കു ശേഷം മുതിർന്ന കോണ്‍ഗ്രസ് ഇന്നു മടങ്ങിയെത്തിയ ശേഷം യുഡിഎഫ് സീറ്റ് വിഭജന ഉഭയകകക്ഷി ചർച്ചകൾ തുടരും.