ചങ്ങനാശേരി: ചങ്ങനാശേരി-കവിയൂര്‍ റോഡില്‍ എസ്എച്ച് ജംഗ്ഷന് മുതല്‍ പെരുന്നവരെ റോഡിന് വീതിയില്ല, ഗതാഗതം കുരുങ്ങുന്നു. വാഹനങ്ങളും യാത്രക്കാരും ദുരിതത്തില്‍. തിരക്കുള്ള രാവിലെയും വൈകുന്നേരങ്ങളിലുമാണ് സ്കൂള്‍ ബസുകളും സ്വകാര്യ വാഹനങ്ങളുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍ അകപ്പെടുന്നത്. ഉദയഗിരി ആശുപത്രി ജംഗ്ഷനിലാണ് ഏറെ പ്രതിസന്ധി. അനധികൃത കയ്യേറ്റങ്ങളും പാര്‍ക്കിംഗും ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുകയാണ്. ഈ ഭാഗത്തെ കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യമാണുയരുന്നത്.
2017ല്‍ കിഫ്ബി 33 കോടി രൂപ അനുവദിച്ച് ചങ്ങനാശേരി-കവിയൂര്‍ റോഡിന്റെ വികസനത്തിന് പദ്ധതി ആവിഷ്കരിച്ചിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കാന്‍ പണം അനുവദിച്ചിരുന്നില്ല. കവിയൂര്‍ മുതല്‍ നാലുകോടി വരെയുള്ള ഭാഗത്ത് റോഡ് നിര്‍മാണം നടപ്പാക്കിയെങ്കിലും, നാലുകോടി മുതല്‍ പെരുന്ന രാജേശ്വരി ജംഗ്ഷന് വരെയുള്ള ഭാഗത്ത് കാര്യമായ റോഡ് വികസനം നടത്താന്‍ കഴിഞ്ഞില്ല.
ഈ ഭാഗത്ത് ബിഎം നിലവാരത്തില്‍ ടാറിംഗ് നടത്തി റോഡ് നിര്‍മാണം അവസാനിപ്പിക്കുകയായിരുന്നു. ഈ ഭാഗത്തെ റോഡിനു നേരിട്ട തകര്‍ച്ച പരിഹരിക്കപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല, വീതികുറഞ്ഞ എസ്എച്ച് ജംഗ്ഷന് മുതല്‍ എന്‍എച്ച്183 (എംസി റോഡ്) പെരുന്ന വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും സുരക്ഷാ ക്രമീകരണങ്ങള്‍ താളം തെറ്റുകയുമാണ്.
പെരുന്ന ഗവണ്മെന്റ് എല്‍പി സ്കൂളിനു സമീപത്തെ കലുങ്കിനു സംരക്ഷണഭിത്തി നിര്‍മിച്ചിട്ടില്ല. ഈ കലുങ്കു മുതല്‍ രാജേശ്വരി ജംഗ്ഷന് വരെ ഓടയില്ലാത്തതുമൂലം ഒഴുക്ക് തടസപ്പെടുന്ന നിലയിലുമാണ്.
ചങ്ങനാശേരി ബൈപാസും എസ്എച്ച് ജംഗ്ഷനും സംഗമിക്കുന്ന എസ്എച്ച് ജംഗ്ഷനില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
റോഡ് വികസിപ്പിക്കണം, ഗതാഗതക്കുരുക്കിന്പരിഹാരം വേണം
കവിയൂര്‍ റോഡിന് പെരുന്ന മുതല്‍ നാലുകോടി വരെ കാലോചിതമായ വികസനം നടപ്പാക്കണം. കാലങ്ങളായി ഈ ഭാഗത്ത് റോഡ് വികസനം നടന്നിട്ടില്ല. റോഡ് വികസനത്തിന്റെ ആവശ്യകത ജനപ്രതിനിധികള്‍ റോഡിന്റെ പാര്ശ്വവാസികളെ ബോധ്യപ്പെടുത്തി സ്ഥലം ഏറ്റെടുത്ത് വികസനം വേഗത്തിലാക്കണം.
വിനോദ് വെട്ടികാട് ഉപഭോക്തൃ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി
പുതിയ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ച് കവിയൂര്‍ റോഡില്ബിഎംബിസി ടാറിംഗ് നടത്തും
കറ്റോടുനിന്നും ചെറുകരക്കുന്ന്, മോര്‍ക്കുളങ്ങര ഓവര്‍ഹെഡ് ടാങ്കുകളിലേക്ക് ശുദ്ധജലം എത്തിക്കാന്‍ കവിയൂര്‍ റോഡില്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനുശേഷം റോഡ് പൂര്‍വസ്ഥിതിയില്‍ എത്തിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ നവീകരിക്കും.പെരുന്ന മുതല്‍ കവിയൂര്‍ വരെ റോഡ് നിര്‍മാണത്തിന് പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
ജോബ് മൈക്കിള്‍ എംഎല്‍എ