ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
കരഞ്ഞു കെട്ടിപ്പിടിച്ച എന്നെ പിടിയിൽനിന്നു വിടർത്തി മാക്സിം എന്റെ മുഖത്തേക്കു നോക്കി. കണ്ണുകളിലേക്കു നോക്കി. നനഞ്ഞ കണ്പീലികൾ തുടച്ചു. എന്നിട്ട് എന്നെ ആവേശപൂർവം തെരുതെരെ ചുംബിച്ചു. മതിവരുവോളം ഇത്രയും ഗാഢമായ ചുംബനം മാക്സിമിൽനിന്ന് ഇതിനുമുന്പു ലഭിച്ചിട്ടില്ല.
""എന്റെ പ്രിയേ! പൊന്നുമോളേ! നിന്നെ ഞാൻ അഗാധമായി സ്നേഹിക്കുന്നു. എന്റെ ജീവനെപ്പോലെ സ്നേഹിക്കുന്നു.''
മാക്സിം എന്നും എല്ലാ രാത്രിയിലും ഇതുപോലെ പറഞ്ഞുകേൾക്കാനാണ് ഞാൻ ആഗ്രഹിച്ചത്. സംതൃപ്തിയുടെ പൂർണതയിൽനിന്ന് നിറമനസിന്റെ തുടിപ്പോടെ ഇന്ന് എനിക്കതു ലഭിച്ചു. ഞാൻ ഭാഗ്യവതിയാണ്. ഇറ്റലിയിലെ മോണ്ടികാർലോ മുതൽ മാൻഡെർലിവരെ ഞാൻ ഇതുപോലുള്ള സ്നേഹം ഭാവനയിൽ കണ്ടതാണ്. സത്യംപറഞ്ഞാൽ എനിക്കത് ഇന്നാണു ലഭിച്ചത്.
മാക്സിം പറഞ്ഞു: ""വന്നതെല്ലാം വന്നുപോയി. എല്ലാം മറക്കൂ! ഒന്നും ഓർക്കേണ്ട. ഇനി ഇങ്ങനെയൊന്നും സംഭവിക്കില്ല.''
""ഇല്ല. സംഭവിക്കില്ല. സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. മാക്സിം എന്റെയാണ്. എന്റെ മാത്രം സ്വന്തം. ഈ ലോകത്തിൽ മറ്റെന്തിനേക്കാളും കൂടുതലായി ഞാൻ മാക്സിമിനെ സ്നേഹിക്കുന്നുണ്ട്. ആ സ്നേഹത്തിന് മങ്ങലേൽക്കാൻ ഞാൻ ഇടവരുത്തില്ല. നമ്മളെന്നും ഒന്നാണ്. നമുക്കിടയിൽ രഹസ്യങ്ങളില്ല, സംശയങ്ങളില്ല, കരിനിഴലുകളില്ല.''
""പക്ഷേ...''
""എന്തു പക്ഷേ?''
""നമുക്കിനി അധികം സമയമില്ല. മുന്പിലുള്ളത് ഏതാനും മണിക്കൂറുകൾ, ഏതാനും ദിവസങ്ങൾ മാത്രം. ഇങ്ങനെയെല്ലാം സംഭവിച്ചുകഴിഞ്ഞിട്ട് നമുക്കെങ്ങനെ ഇനി ഒന്നിച്ചുകഴിയാനാവും?''
""വേദനിപ്പിക്കുന്നതൊന്നും പറയല്ലേ.''
""സത്യമാണ്. ഞാൻ പറഞ്ഞില്ലേ. ബോട്ട് അവർ കണ്ടെത്തി. അതിൽ റെബേക്കയേയും കണ്ടെത്തി...''
""അതുകൊണ്ട്?''
""എല്ലാം തിരിച്ചറിയും. കാബിനിലെ റെബേക്കയുടെ വസ്ത്രങ്ങൾ, വിരലിലെ മോതിരങ്ങൾ എല്ലാം.. അതു മാത്രമല്ല. കല്ലറയിൽ അടക്കം ചെയ്തിരിക്കുന്നത് ആരെ? എല്ലാം അവർ കണ്ടെത്തും.''
""നമുക്കിനി എന്തുചെയ്യാൻ പറ്റും?''
മാക്സിം പറഞ്ഞു: ""എനിക്കറിയില്ല... എനിക്കറിയില്ല... ഒന്നുമാത്രം എനിക്കറിയാം. ഇതു ലോകർ മുഴുവൻ അറിയും. നമ്മുടെ പരിപാടിക്കു വന്ന അതിഥികൾ അറിയും. പത്രങ്ങൾ പൊടിപ്പും തൊങ്ങലുംവച്ച് കഥകൾ ചമയ്ക്കും. അവർ ഇന്റർവ്യൂവിനു വരും...''
""ഈ സംഭവം മറ്റാർക്കെങ്കിലും അറിയാമോ?''
""ഇല്ല. അറിയുന്നതു ഞാനും നീയും മാത്രം.''
""നമ്മുടെ ഫ്രാങ്ക്..?''
""ഇല്ല. എങ്ങനെ അറിയാൻ? അന്നു രാത്രി ഞാൻ ഫ്രാങ്കിന്റെ വീട്ടിലാണ് ഡിന്നർ കഴിച്ചത്. അതു കഴിഞ്ഞ ഉടനെ ഞാൻ വീട്ടിലേക്കു മടങ്ങി. പിന്നെ പാതിരാത്രിയിൽ പോയതും കൃത്യം നിർവഹിച്ചതും ഞാൻ ഒറ്റയ്ക്ക്.. ആ ഇരുട്ടത്ത്. അതു കഴിഞ്ഞു വേഗം വന്നു ഞാൻ ഉറങ്ങാൻ കിടന്നു. പിന്നെ കുറേസമയംകഴിഞ്ഞ് മിസിസ് ഡാൻവേഴ്സ് വാതിലിൽ മുട്ടി. നൈറ്റ് ഡ്രസണിഞ്ഞു ഞാൻ വാതിൽ തുറന്നപ്പോൾ വല്ലാത്ത വ്യസനത്തോടെ പറഞ്ഞു, കോട്ടേജിൽ പോയിട്ട് റെബേക്ക ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന്.
അവൾ അവിടെ കിടന്നുറങ്ങുന്നുണ്ടാവും. അതു പതിവുള്ളതല്ലേ? രാവിലെ വരും. എനിക്കു വല്ലാതെ ഉറക്കംവരുന്നു എന്നുപറഞ്ഞ് ഞാൻ വാതിലടച്ചു. മിസിസ് ഡാൻവേഴ്സ് നിരാശയോടെ തിരിച്ചുപോയി. ഇതാണ് അന്നു സംഭവിച്ചത്. പേടിക്കേണ്ട. ഞാനും നീയും മാത്രമേ ഇതറിഞ്ഞിട്ടുള്ളൂ.''
മാക്സിം അസ്വസ്ഥ മനസോടെ മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും അല്പം നടന്നശേഷം കസേരയിൽ ഇരുന്നു. കുന്പിട്ട് തലയ്ക്കു കൈകൊടുത്ത് ഇരിക്കുന്ന മാക്സിമിന്റെ കൈകളെടുത്തുപിടിച്ച് ഉള്ളിൽത്തട്ടി ഞാൻ പറഞ്ഞു: ""ഒന്നും പേടിക്കേണ്ട. ഞാൻ മാക്സിമിനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. എന്നെ വിശ്വസിക്കൂ!''
മാക്സിം എന്റെ മുഖത്തും കൈകളിലും ചുംബിച്ചു. എന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു- ആത്മവിശ്വാസവും ധൈര്യവും കിട്ടിയ ഒരു കുട്ടിയെപ്പോലെ.
""വരാനിരിക്കുന്ന ഭവിഷ്യത്തുകളും സംഭവങ്ങളും ഓർത്ത് ഓരോ നിമിഷവും ഓരോ ദിവസവും ഞാൻ വിഷമിക്കുന്നു. മനസു തീപിടിച്ചപോലെയാണിപ്പോൾ. തലയ്ക്കുള്ളിൽ തീപ്പൊരി പറക്കുന്നതുപോലെ.''
""ഈ സത്യം ഇത്രനാളായിട്ടും മാക്സിം എന്തുകൊണ്ട് എന്നോടു പറഞ്ഞില്ല? എന്തേ എന്നിൽനിന്നു മറച്ചുവച്ചു?''
""നീ പൂന്തോട്ടത്തിലും ലോണിലും ജാസ്പ്പറുമായി നിന്റെ ഇഷ്ടത്തിനു ചുറ്റിനടക്കുന്നു. ഇന്നു വന്നതുപോലെ ഒരിക്കലും നീ വന്നിട്ടില്ല. ഉത്തരവാദിത്വമോ ഗൗരവമോ നിനക്കുള്ളതായി എനിക്കു തോന്നിയില്ല.''
""എപ്പോഴും റെബേക്കയെപ്പറ്റി ചിന്തിക്കുന്നുവെന്നു ഞാൻ മനസിലാക്കിയ മാക്സിമിന്റെ അടുത്തേക്ക് ഞാനെങ്ങനെ വരും? റെബേക്കയെ ഇപ്പോഴും സ്നേഹിക്കുന്നുവെന്നു ഞാനറിഞ്ഞ ഒരാളോട് എന്നെ സ്നേഹിക്കാനെങ്ങനെ പറയും?''
""നീ എന്തൊക്കെയാണീ പറയുന്നത്? റെബേക്കയെ ഞാൻ സ്നേഹിച്ചിരുന്നുവെന്നു നീ മനസിലാക്കിയോ? ഞാൻ അവളെ വെറുത്തിരുന്നു. കഠിനമായി വെറുത്തിരുന്നു. ഞങ്ങളുടെ വിവാഹം തുടക്കംമുതലേ വെറുമൊരു നാടകമായിരുന്നു. ഞങ്ങൾ പരസ്പരം സ്നേഹിച്ചിട്ടില്ല. ഞങ്ങൾ ഒന്നിച്ച് ഒരു നിമിഷത്തിന്റെ സന്തോഷം അനുഭവിച്ചിട്ടില്ല.
അവൾ സ്നേഹിക്കാൻ കൊള്ളാത്തവളായിരുന്നു. അവൾക്കു മാനവും മര്യാദയുമുണ്ടായിരുന്നില്ല. കടിഞ്ഞാണില്ലാത്ത ഒരു കുതിരയായിരുന്നു അവൾ. ഒരുതരം മനോരോഗിയായിട്ടാണ് ഞാനവളെ കണ്ടത്. എന്നാൽ ഒരു കാര്യത്തിൽ അവൾ സമർഥയായിരുന്നു. വെറും അഭിനയമാണെന്നു തോന്നാത്തമട്ടിൽ മറ്റുള്ളവരെ വശീകരിക്കാനും തരംപോലെ അവരുടെ സ്നേഹം സന്പാദിക്കാനും അവരുടെ മുന്നിൽ വെളുക്കെ ചിരിക്കാനും മിടുക്കിയായിരുന്നു.''
""തെറ്റായി ധരിച്ചതിൽ മാക്സിം എന്നോടു ക്ഷമിക്കണം. സോറി... വെരി സോറി!''
""സുന്ദരിയായ അവളെ ഞാൻ വിവാഹം കഴിച്ചപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാണ് നീയെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞില്ല, അവളുടെ തനിനിറം പുറത്തുവന്നു. അതു കേൾക്കണോ.. നീ ഇവിടെയിരിക്ക്.''
ഞാൻ കസേരയിലിരുന്നു.
അവളെന്നോടു പറഞ്ഞു- ""മാക്സിം! നിനക്കുവേണ്ടി ഞാൻ ഈ വീട് ഭംഗിയായി നോക്കിക്കൊള്ളാം. മനോഹരമായ ഈ മാൻഡെർലിയെ ഞാൻ നിനക്കുവേണ്ടി പരിപാലിക്കാം. നിനക്കു സമ്മതമാണെങ്കിൽ ഇവിടെ ലോകം അറിയപ്പെടുന്ന ഒരു പ്രദർശനശാല നിർമിക്കാം. ഇത് എനിക്കു വിട്ടുതരൂ! എല്ലാവരും നമ്മളെ സന്ദർശിക്കാനെത്തും. അവർ അസൂയപ്പെടും. സകലരും നമ്മെപ്പറ്റി പറയും- സന്തോഷവും സൗന്ദര്യവും സൗഭാഗ്യവും ഒത്തിണങ്ങിയ ജോടിയെന്ന്!
അവൾ ധരിച്ചത് എന്റെ അവകാശവും അധികാരവും അഭിമാനവും പണയംവച്ച് അവളുടെ നീചമായ ആഗ്രഹത്തിന് ഞാൻ വഴങ്ങുമെന്നാണ്. അവൾക്കറിയാം ഞാൻ വിവാഹമോചനത്തിന് കോടതിയിൽ പോവില്ലെന്ന്. അതെനിക്കു നാണക്കേടും മാനഹാനിയും ഉണ്ടാക്കുന്ന കാര്യമാണല്ലോ. റെബേക്ക ആരാണെന്ന് ഇപ്പോൾ മനസിലായില്ലേ?''
""എല്ലാം ഞാൻ മനസിലാക്കുന്നു. മാക്സിമിന്റെ മാനസികാവസ്ഥയും ഞാൻ ശരിക്കും ഉൾക്കൊള്ളുന്നുണ്ട്.''
""ഇനിയുമുണ്ട് പറയാൻ. ഞാനറിയാതെ, എന്നോടു പറയാതെ അവൾ ഇടയ്ക്കു ലണ്ടനിലേക്കു പോകും. അവൾക്കവിടെ ഒരു ഫ്ളാറ്റുണ്ട്. ഒരാഴ്ച കഴിഞ്ഞായിരിക്കും മടങ്ങിയെത്തുക. ഇതിങ്ങനെ മാസങ്ങളും വർഷങ്ങളും തുടർന്നു. ചോദ്യംചെയ്യുന്നത് ഇഷ്ടമല്ല. എല്ലാം ഞാൻ സഹിച്ചു- മാൻഡെർലിയെ പ്രതി. അവളുടെ ചില സുഹൃത്തുക്കളെ ഇവിടെ ഈ വീട്ടിൽ ക്ഷണിച്ചു സൽക്കരിച്ചു. കടൽത്തീരത്തെ കോട്ടേജിൽ അവൾ വീക്കെൻഡ് പാർട്ടികളും നിലാവുള്ള രാത്രികളിൽ കൂട്ടുകാരുമൊത്ത് ബോട്ടു സവാരികളും നടത്തി.
ഒരിക്കൽ ഞാൻ സ്കോട്ട്ലൻഡിൽപോയി മടങ്ങിയെത്തിയ ദിവസം കോട്ടേജിലേക്കു ചെന്നപ്പോൾ ഞാൻ ഒരിക്കലും മുന്പു കണ്ടിട്ടില്ലാത്ത അവളുടെ അഞ്ചാറു സുഹൃത്തുക്കൾ! ഞാനവൾക്ക് വാണിംഗ് കൊടുത്തു. നിനക്ക് നിന്റെ സുഹൃത്തുക്കളെ ലണ്ടനിൽ സ്വീകരിക്കാം. ഇവിടെ പറ്റില്ല. മാൻഡെർലി എന്റെയാണ്. പുച്ഛഭാവത്തിൽ അവൾ ഒന്നു പുഞ്ചിരിച്ചു. എതിർത്തൊന്നും പറഞ്ഞില്ല. അതവിടെ നിൽക്കട്ടെ...''
ഒരു സിഗരറ്റെടുത്ത് കത്തിച്ചുകൊണ്ട് മാക്സിം തുടർന്നു. ""അവൾക്കൊരു കസിനുണ്ട്. പേര് ഫാവെൽ. ശരിക്കുള്ള പേര് ജാക്ക് ഫാവെൽ.''
""എനിക്കറിയാം. മാക്സിം ലണ്ടനിൽ പോയദിവസം അവനിവിടെ വന്നിരുന്നു, മിസിസ് ഡാൻവേഴ്സിനെ കാണാൻ.''
""അതെ. അവൻതന്നെ. അവൻ വിദേശത്തായിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിൽ താമസിക്കുന്നു. റെബേക്ക അവനെ പലപ്പോഴും കോട്ടേജിലേക്കു ക്ഷണിച്ചുവരുത്താറുണ്ട്. എന്നിട്ട് വീട്ടിലെ വേലക്കാരോടു പറയും- ഞാൻ ബോട്ടുസവാരിക്കു പോകയാണ്. പോയാൽ തിരിച്ചുവരുന്നതു രാവിലെ. രാത്രി മുഴുവൻ അവൾ അവനോടൊത്തു കോട്ടേജിൽ! വീണ്ടും ഞാനവൾക്കു വാണിംഗ് കൊടുത്തു. മേലിൽ ആ ആഭാസനെ ഇവിടെ ഏതെങ്കിലും ഭാഗത്തു കണ്ടാൽ ഞാനവനെ ഷൂട്ടു ചെയ്യും. അവൻ ഈ മാൻഡെർലിയിൽ വരേണ്ട കാര്യമില്ല. ഇത് എന്റെയാണ്. ഇങ്ങനെ പറഞ്ഞാലും കൂസലില്ലാത്ത ഭാവം.
മറ്റൊരു ദിവസം ഞാൻ ഈ മുറിയിലിരിക്കുന്പോൾ അവൾ എന്റെയടുത്തു വന്നിരുന്നു. എന്നിട്ടു പറഞ്ഞു: മാക്സിം! എനിക്കൊരു കുഞ്ഞുണ്ടായാൽ ആ കുഞ്ഞു നിന്റെയല്ല എന്ന് ഈ ലോകത്തിൽ ആരു പറഞ്ഞാലും വിശ്വസിക്കില്ല. ആ കുഞ്ഞ് എന്റെ മകനായിട്ട് ഇവിടെ ഈ മാൻഡെർലിയിൽ വളരും. നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നിന്റെ കാലശേഷം മാൻഡെർലി എന്റെ മകന്റെ പേരിലാവും. അവന്റെ സ്വന്തമാവും.''
ഇത്രയും പറഞ്ഞിട്ട് മാക്സിം ഒരു നീണ്ട നെടുവീർപ്പിട്ടു. മാക്സിമിന്റെ കൈകൾ എടുത്ത് എന്റെ ഹൃദയത്തോടു ചേർത്തുപിടിച്ചു. എന്റെ സാന്ത്വനസ്വരം ഇങ്ങനെയായിരുന്നു:
""എല്ലാം കഴിഞ്ഞില്ലേ. ആ കഥയും കഴിഞ്ഞില്ലേ? റെബേക്ക ആരായിരുന്നുവെന്ന് ഇത്രയും വിസ്തരിച്ച് എന്നോടു തുറന്നുപറഞ്ഞല്ലോ. നന്ദിയുണ്ട്.''
""നീ എന്റെ പ്രാണസഖിയായതുകൊണ്ട്! എന്റെ ആശ്രയമാണ് നീ. എന്റെ സർവസ്വമാണ് നീ. നാലഞ്ചുമാസംകൊണ്ട് നിന്നെ ഞാൻ ശരിക്കും അളന്നു. നിന്റെ മനസു ഞാൻ കണ്ടു. കളങ്കമില്ലാത്ത ഹൃദയം ഞാൻ ദർശിച്ചു. എനിക്ക്... എനിക്ക് ശരിക്കും ഇപ്പോഴാണ് ഒരു ഭാര്യയുണ്ടായത്. ദൈവം നമ്മുടെ ഇടയിൽ വസിക്കട്ടെ.''
വാതിലിൽ മുട്ടുന്ന ശബ്ദംകേട്ട് മാക്സിം വാതിൽ തുറന്നു. വന്ന റോബർട്ട് അറിയിച്ചു: ""സാറിനെ ഫോണിൽ ആരോ വിളിക്കുന്നു.'' മാക്സിമും റോബർട്ടും പോയി. അല്പം കഴിഞ്ഞ് മാക്സിം തിരിച്ചുവന്നിട്ടു പറഞ്ഞു:
""ക്യാപ്റ്റൻ സെറിലാണ് വിളിച്ചത്. നാളെ അതിരാവിലെ അഞ്ചരമണിക്ക് മുങ്ങൽക്കാരൻ എത്തും. ബോട്ട് വെള്ളത്തിനടിയിൽനിന്ന് പൊക്കിയെടുക്കുന്നുണ്ട്. ആ സമയത്ത് ഞാൻകൂടി ഉണ്ടാവണമെന്നു പറഞ്ഞിരിക്കുന്നു. എന്നെ കൊണ്ടുപോകാനുള്ള ഏർപ്പാട് അവർ ചെയ്യുന്നുണ്ട്.''
(തുടരും)