ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഗ്രോക്ക് എഐ ചാറ്റ്‌ബോട്ട് അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സ് സമര്‍പ്പിച്ച മറുപടി തൃപ്തികരമല്ലെന്ന് കേന്ദ്ര സര്‍ക്കാർ. കേന്ദ്രത്തിന്‍റെ നോട്ടീസിനോട് വിശദമായ മറുപടിയാണ് മസ്‌ക് നല്‍കിയതെങ്കിലും പ്രധാന വിവരങ്ങള്‍ ഒഴിവാക്കിയതായാണ് വിമര്‍ശനം. ഗ്രോക്ക് എഐ വഴി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കം ചെയ്യാനും 72 മണിക്കൂറിനുള്ളില്‍ വിശദമായ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നല്‍കാനുമാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി. മന്ത്രാലയം ഗ്രോകിനോട് ആവശ്യപ്പെട്ടത്. ഗ്രോക്ക് എഐ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി.
ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കകം എക്‌സ് ദീര്‍ഘമായ മറുപടി സമര്‍പ്പിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പോസ്റ്റുകളും അശ്ലീല ചിത്രങ്ങളും നീക്കം ചെയ്യുന്നതിനുള്ള നയങ്ങളും വിശദീകരിച്ചു. എന്നാൽ, ഗ്രോക്ക് എഐ വഴി ഉണ്ടായ അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ എടുത്ത പ്രത്യേക നടപടികളും ഭാവിയില്‍ ഇത് തടയാനുള്ള നടപടികളും മറുപടിയില്‍ വിശദമായി പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗ്രോകിന്‍റെ മറുപടി തീര്‍ത്തും പോരായെന്നുള്ള സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എക്‌സിന് വീണ്ടും കേന്ദ്രം നിര്‍ദേശം നല്‍കി.
ഐ.ടി നിയമപ്രകാരം പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള 'സേഫ് ഹാര്‍ബർ' പരിരക്ഷ പാലിക്കുന്നതിന് പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ കര്‍ശനമായി പിന്തുടരണം (ഡ്യൂ ഡിലിജന്‍സ്) എന്നാണ് വ്യവസ്ഥ. ഇത് പാലിക്കാതിരുന്നാല്‍ ഈ പരിരക്ഷ നഷ്ടപ്പെടുമെന്ന് കേന്ദ്രം ഇതിന് മുന്‍പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രോക്കിന്‍റെ ദുരുപയോഗം പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതര വീഴ്ചയാണെന്നും വിമര്‍ശനമുണ്ട്. ഗ്രോക്ക് എഐയുടെ ഇതേ പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് പുറമേ യുകെയിലും മലേഷ്യയിലും ചര്‍ച്ചയായിട്ടുണ്ട്.