ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി. ഇതിനിടെ, ദുരന്തത്തിന്റെ പേരിൽ പ്രതിഷേധങ്ങൾക്കു മുതിരരുതെന്ന് ഹോങ്കോംഗ് നിവാസികൾക്കു ചൈന മുന്നറിയിപ്പു നല്കി. ചൈനാവിരുദ്ധ പ്രക്ഷോഭങ്ങളുണ്ടായാൽ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചു നേരിടുമെന്നാണ് അറിയിപ്പ്.
പാർപ്പിട സമുച്ചയത്തിലെ തീപിടിത്ത ദുരന്തത്തിൽ ഹോങ്കോംഗിൽ മൂന്നു ദിവസത്തെ ദുഃഖാചരണം നടക്കുന്നതിനിടെയാണ് ചൈനയുടെ അറിയിപ്പ്. 2019ൽ ഹോങ്കോംഗിലുണ്ടായ ജനാധിപത്യ പ്രക്ഷോഭത്തിന്റെ മാതൃകയിൽ ചൈനാവിരുദ്ധ പ്രകടനങ്ങളുണ്ടായാൽ കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് ചൈനയിലെ ദേശീയ സുരക്ഷാ അധികൃതർ പറഞ്ഞു.
തീപിടിത്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഓൺലൈൻ ഒപ്പുശേഖരണം നടത്തിയ സംഘത്തിലെ ഒരാളെ ഹോങ്കോംഗ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. പതിനായിരത്തോളം പേർ പരാതിയിൽ ഒപ്പുവച്ചിട്ടുണ്ട്.
കെട്ടിട നവീകരണത്തിനിടെയുണ്ടായ ദുരന്തത്തിൽ ഹോങ്കോംഗ് നിവാസികൾക്ക് ശക്തമായ അമർഷമുണ്ട്. സുരക്ഷിതല്ലാത്ത നിർമാണ രീതികൾ ദുരന്തവ്യാപ്തി വർധിക്കാൻ ഇടാക്കിയെന്നാണു സൂചന. സംഭവത്തിൽ നവീകരണ കരാർ ഏറ്റെടുത്ത സ്ഥാപനത്തിലെ 11 പേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഇതിനിടെ, തീപിടിത്തമുണ്ടായ വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിനു സമീപം ഇന്നലെ നടന്ന അനുസ്മരണ പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. 4,600 പേർ താമസിച്ചിരുന്ന സമുച്ചയത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച തീപിടിത്തം വെള്ളിയാഴ്ചയാണ് അണയ്ക്കാനായത്. 150 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
മരിച്ചവരിൽ ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടുന്നു.കാണാതായവരിലും കുടിയേറ്റ തൊഴിലാളികളുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണു നിഗമനം.