Kerala
കൊച്ചി: ഹോട്ടലിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന വിവരം ഇപ്പോൾ ദീപിക ഒാൺലൈനിൽനിന്നു വിളിക്കുമ്പോഴാണ് അറിയുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ.
അന്നു താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ റൂം സര്‍വീസ് എന്നു പറഞ്ഞു ഹോട്ടല്‍ ജീവനക്കാരല്ലാത്ത ചിലര്‍ വന്നതുകൊണ്ടാണ് താന്‍ ഇറങ്ങി ഓടിയത്- ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തെക്കുറിച്ചു ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
"ഞാന്‍ ഹോട്ടലില്‍നിന്ന് ഓടിപ്പോയ കേസിനു ലഹരിയുമായി ബന്ധമില്ല. അന്ന് അവര്‍ ബ്ലഡ് ഒക്കെ എടുത്തിരുന്നു. അതിനു ശേഷമാണ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ എന്നെ കൊണ്ടുപോയത്. അതൊക്കെ അവിടെ കഴിഞ്ഞതാണ്. അതിന്റെ പരിശോധനാ ഫലം വന്നത് ഇന്നാണ് എന്നല്ലേ ഉള്ളെന്നും നടൻ പറഞ്ഞു.
അന്നു ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടാനുള്ള കാരണമെന്തെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. "നമ്മളുടെ പിന്നാലെ ആരെങ്കിലും വന്നാല്‍ നമ്മള് ഇറങ്ങി ഓടില്ലേ. രാത്രി പതിനൊന്ന്-പതിനൊന്നര സമയത്താണ് എന്റെ ഹോട്ടല്‍ റൂമില്‍ രണ്ടുമൂന്നു പേര് യൂണിഫോം ഒന്നുമിടാതെ റൂം സര്‍വീസ് എന്നു പറഞ്ഞുവന്നത്. ഈ അപരിചിതരെ കണ്ടാൽ ഞാന്‍ എന്താ വിചാരിക്കുക? പോലീസ് ആണെന്ന് എങ്ങനെ മനസിലാക്കും. ഞാൻ ഉടനെ റിസപ്ഷനില്‍ വിളിച്ചു. അവിടെയുള്ളവര്‍ക്കും അറിയില്ല. റൂം സര്‍വീസ് ഞാന്‍ പറഞ്ഞിട്ടില്ല എന്നു പറഞ്ഞിട്ടും അവര്‍ പോകാൻ കൂട്ടാക്കിയില്ല. അവര്‍ അവിടെനിന്നു പരുങ്ങി കളിക്കുകയാണ്. അങ്ങനെ ആശങ്ക തോന്നി ഇറങ്ങി ഓടിയതാണ്'.
അതേസമയം, ഹോട്ടലില്‍ മുറിയെടുത്ത് നടനും സുഹൃത്തും ലഹരി ഉപയോഗിച്ചു എന്നായിരുന്നു പോലീസ് കേസ്. ഡാന്‍സാഫ് സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് വലിയ വാർത്തയായിരുന്നു. കേസില്‍ നടനെ മണിക്കൂറുകളോളം പിന്നീട് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നടന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയിൽ തെളിക്കാനായില്ല. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചിരുന്നതായി തെളിവില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ദീപിക ഓൺലൈൻ പ്രതികരണം തേടിയത്.
International
മനാമ: ബഹ്റനിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 15 പേര് അറസ്റ്റിൽ. വിവിധ രാജ്യക്കാരായ 15 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 1,35,000 ബഹ്റിൻ ദിനാറിലധികം മൂല്യം വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസിലെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം, കസ്റ്റംസ് അഫയേഴ്സ്, എയർ കാർഗോ വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിയ വിവിധ ഓപ്പറേഷനുകളിലാണ് ഇവർ പിടിയിലായത്.
പിടിയിലായത് 21നും 33നും ഇടയിൽ പ്രായമുള്ളവരാണ്. മയക്കുമരുന്ന് വിൽപനയും കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ച ഉടൻതന്നെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
കോട്ടയം: ലഹരിവില്പനയുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ലഹരി മാഫിയകൾക്കു പൂട്ടിടാന്‍ പോലീസ്. ജില്ലയിൽ പലയിടത്തും ലഹരി സംഘങ്ങൾ വ്യാപകമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന് വ്യക്തമായതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഹരി വില്പനയുമായി കറങ്ങിനടക്കുന്നവരെയും ഇത്തരം സംഘങ്ങള്‍ തമ്പടിക്കുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വില്പന സംഘങ്ങള്‍ക്കു ലഹരി എത്തിച്ചുനല്‍കുന്ന കാരിയര്മാരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് നഗരത്തിലെ മാണിക്കുന്നം തോട്ടയ്ക്കാട് വാടകയ്ക്കു താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ആദര്‍ശ് (23) കൊല്ലപ്പെട്ടത്. ലഹരി ഇടപാടുകളിലെ സാന്പത്തിക തര്‍ക്കമാണ് കൊലയിൽ കലാശിച്ചത്.
സംഭവത്തിൽ കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലര്‍ വി.കെ. അനില്‍കുമാറിന്റെ (ടിറ്റോ) മകന് അഭിജിത്ത് അറസ്റ്റിലായി റിമാൻഡിലായിരുന്നു. കൊലപാതകത്തിനു പിന്നാലെ അഭിജിത്ത്, അനില്‍കുമാര്‍, ഭാര്യ എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ അനില്‍കുമാറിനെയും ഭാര്യയെയും പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അനില്‍കുമാറും ഭാര്യയും മരിച്ച ആദര്‍ശിനെയും അഭിജിത്തിനെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമായതോടെയാണ് ഇവരെ പോലീസ് വിട്ടയച്ചത്. കൊല്ലപ്പെട്ട ആദര്‍ശും അഭിജിത്തുമായി പണം, ലഹരി ഇടപാടുകളെച്ചൊല്ലി തര്‍ക്കത്തിലായിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആദര്‍ശ് അഭിജിത്തിന്റെ വീട്ടിലെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തുടര്‍ന്നു സംഘര്‍ഷമുണ്ടാവുകയും അഭിജിത്ത് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തില്‍ ഒരുതവണയും നെഞ്ചില്‍ രണ്ടു തവണയും കുത്തേറ്റിരുന്നു.
തിങ്കളാഴ്ച തന്നെ പോലീസ് അഭിജിത്തുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പു നടത്തിയിരുന്നു. ആദര്‍ശിന്റെ സംസ്കാരം ഇന്നു ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടന്നു. പിതാവ് സോമന്, മാതാവ് സുജാത. സംഭവത്തിൽഡ കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.
District News
കൊച്ചി: നഗരത്തിൽ രാസലഹരി മരുന്നുമായി മൂന്നു യുവാക്കളെ നാര്‍ക്കോട്ടിക് സെല്‍ എസി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തതു. ചാവക്കാട് പുന്നയൂര്‍ക്കുളം കരിപ്പോട്ട് വീട്ടില്‍ നിതിൻ (37), കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര ഇരവട്ടൂര്‍ അന്‍ഷിദ് (29), വേളം പൂളക്കോല് തറവട്ടകത്ത് അമീര്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നിതിന്റെ പക്കൽനിന്ന് 105.95 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എംഡിഎംഎ കൊച്ചിയിലെത്തിച്ച് വില്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.
അന്‍ഷിദ്, അമീര്‍ എന്നിവരെ രവിപുരം ഭാഗത്തുനിന്നാണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 12.9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രവിപുരം ഭാഗത്ത് ലോഡ്ജ് നടത്തിപ്പുകാരനാണ് അമീർ. ഇയാളുടെ കൂട്ടുകാരനാണ് അന്‍ഷിദ്. ഇരുവരും ലോഡ്ജ് കേന്ദ്രീകരിച്ചാണ് എംഡിഎംഎ കച്ചവടം ചെയ്തിരുന്നത്.