മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 21-കാരൻ മരിച്ചു. ചെമ്പൂർ ആസാദ് ഗല്ലി സ്വദേശിയായ യഷ് ചന്ദ്രകാന്ത് ചവാനാണ് കെഇഎം ആശുപത്രിയിൽവച്ച് മരണപ്പെട്ടത്.
കഴിഞ്ഞ ഡിസംബർ 27-ന് പുലർച്ചെ കാഞ്ചൂർമാർഗ് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്. നവി മുംബൈയിലെ ഐരോളിയിൽ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യഷ്.
അമിതവേഗതയിലെത്തിയ അജ്ഞാത വാഹനം യഷിന്റെ ബൈക്കിൽ ഇടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ബന്ധുക്കൾ യഷിനെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ ന്യൂറോ സർജന്റെ സേവനം ലഭ്യമല്ലാത്തതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കെഇഎം ആശുപത്രിയിലേക്ക് മാറ്റി.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് മരിച്ചത്. സംഭവത്തിൽ വിക്രോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാരതീയ ന്യായ സംഹിതയിലെയും മോട്ടോർ വാഹന നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം അജ്ഞാത വാഹന ഡ്രൈവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്.