ന്യൂഡൽഹി: ഡൽഹിയെ ആശങ്കയിലാക്കിയ ആ ചുവന്ന എക്കോ സ്പോർട്ട് കാർ കണ്ടെത്തി. ഖണ്ഡവാലി ഗ്രാമത്തിൽനിന്നാണ് ഫരീദാബാദ് പോലീസ് കാർ കണ്ടെത്തിയത്. ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഭീകരർ വാങ്ങിയിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് എക്കോസ്പോർട്ടിനായി പോലീസ് ഊർജിതമായി അന്വേഷണം നടത്തിയത്.
സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക് എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. യുപി, ഹരിയാന പോലീസിനും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
അഞ്ചു പോലീസ് സംഘങ്ങളാണ് ഡൽഹിയിൽ വാഹനത്തിനായി തെരച്ചിൽ നടത്തിയത്. അതേസമയം, സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ എന്നാണ് കണ്ടെത്തൽ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്.