കൊച്ചി: എളമക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കടന്നുകളഞ്ഞ സംഭവത്തില്‍ വാഹനവും ഡ്രൈവറെയും ഇതുവരെ കണ്ടെത്താനായില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേശാഭിമാനി റോഡില്‍ അപകടമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും നമ്പര്‍ വ്യക്തമല്ല.
എളമക്കര ഭവന്‍സ് വിദ്യാമന്ദിറിലെ ദീക്ഷിത എന്ന വിദ്യാര്‍ഥിയെയാണ് കാര്‍ നിറത്തിലുള്ള അജ്ഞാത കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ദീക്ഷിത റോഡിലേക്ക് തെറിച്ചുവീണു. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്തിയെങ്കിലും നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാര്‍ കടന്നുകളയുകയായിരുന്നു.
ദീക്ഷിതയുടെ വൃക്കയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വിദ്യാര്‍ഥിനി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സ്കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.