മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ റേസിംഗ് പാരന്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ബിഇ 6 ഫോർമുല ഇ എഡിഷന്റെ ബുക്കിംഗ് ഈ ആഴ്ച തുടങ്ങി.
ഫെബ്രുവരി അവസാന വാരത്തോടെ വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങും. ലോക ചാന്പ്യൻഷിപ്പിലെ മഹീന്ദ്ര റേസിംഗ് ടീമിന്റെ വിജയവും ആവേശവും സാധാരണക്കാർക്കുകൂടി അനുഭവവേദ്യമാക്കുന്ന രീതിയിലാണ് ഈ ലിമിറ്റഡ് എഡിഷൻ വാഹനത്തിന്റെ രൂപകൽപ്പന.
സാധാരണ ഇലക്ട്രിക് കാറുകളിൽ നിന്ന് വ്യത്യസ്തമായി ഒരു റേസിംഗ് കാറിന്റെ കരുത്തും ആധുനിക എസ്യുവിയുടെ സൗകര്യങ്ങളും ഒത്തുചേരുന്നു എന്നതാണ് ബിഇ 6 ഫോർമുല ഇ എഡിഷന്റെ പ്രത്യേകത.
എഫ്ഇ 2, എഫ്ഇ 3 എന്നീ വേരിയന്റുകളിലാണ് ഈ സ്പെഷൽ എഡിഷൻ ലഭ്യമാകുന്നത്. 23.69 ലക്ഷം, 24.49 ലക്ഷം എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില.
ട്രാക്ക് കാറിന്റെ ഗാംഭീര്യം
കാഴ്ചയിൽതന്നെ ഏതൊരു വാഹനപ്രേമിയെയും ആകർഷിക്കുന്ന സ്പോർട്ടി ലുക്കാണ് ബിഇ 6 ഫോർമുല ഇ എഡിഷന്. ബിഇ 6 മോഡലുകളിൽനിന്ന് വ്യത്യസ്തമായി മുന്നിലെയും പിന്നിലെയും ബന്പറുകൾ കൂടുതൽ അഗ്രസീവ് ആയ രീതിയിൽ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.
വാഹനത്തിന്റെ മുൻഭാഗത്ത് വൃത്താകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്ലാന്പുകളും ഗ്ലോസ് ബ്ലാക്ക് ബെസൽ ഫിനിഷും നൽകിയിട്ടുണ്ട്. കൂടാതെ ബോണറ്റിലും സൈഡ് പാനലുകളിലും നൽകിയിരിക്കുന്ന റേസ്-ഇൻസ്പൈറഡ് ഗ്രാഫിക്സുകൾ വാഹനത്തിന് ഒരു യഥാർഥ ട്രാക്ക് കാറിന്റെ ഗാംഭീര്യം നൽകുന്നുണ്ട്.
ലിക്വിഡ് മെറ്റൽ ഫിനിഷിലുള്ള സ്കിഡ് പ്ലേറ്റുകളും ഫോർമുല ഇ ലോഗോയും കാറിന്റെ പ്രത്യേകത വിളിച്ചോതുന്നു. ഫയർസ്റ്റോം ഓറഞ്ച് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകൾ ചക്രങ്ങൾക്ക് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്.
റേസിംഗ് മൂഡ് കാബിൻ
വാഹനത്തിന് ഉള്ളിലും റേസിംഗ് മൂഡ് നിലനിർത്താൻ മഹീന്ദ്ര പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഫയർസ്റ്റോം ഓറഞ്ച് തീമിലാണ് കാറിന്റെ കാബിൻ ഒരുക്കിയിരിക്കുന്നത്. പ്രീമിയം ലെതറെറ്റ്, സ്യൂഡ് മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള സീറ്റുകളും സ്റ്റിയറിംഗ് വീലും മികച്ച യാത്രാസുഖം വാഗ്ദാനം ചെയ്യുന്നു.
ഡാഷ്ബോർഡിൽ 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്പ്ലേകൾ ഉൾക്കൊള്ളുന്ന ഇരട്ട സ്ക്രീൻ സജ്ജീകരണമാണുള്ളത്. ചെറിയ ഫ്ലാപ്പിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണ്‍ ഡ്രൈവർക്ക് റേസിംഗ് കാർ സ്റ്റാർട്ട് ചെയ്യുന്ന അനുഭവം നൽകുന്നു.
ഹർമാൻ കാർഡന്റെ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റവും വെർച്വൽ എൻജിൻ സൗണ്ട് നൽകുന്ന ‘സോണിക് സ്റ്റുഡിയോ’യും വാഹനത്തിലുണ്ട്. ‘മാപ്പിൽ’ എന്ന മഹീന്ദ്രയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിലെ ഇൻഫോടെയ്ൻമെന്റ് പ്രവർത്തിക്കുന്നത്.
സ്മാർട്ട്ഫോണുകൾ പോലെ വാഹനത്തിലെ സോഫ്റ്റ്വേറുകളും ഇന്റർനെറ്റ് വഴി അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. വോയ്സ് കമാൻഡുകൾ വഴി എസി നിയന്ത്രിക്കാനും പാട്ടുകൾ കേൾക്കാനും സണ്‍റൂഫ് തുറക്കാനും സാധിക്കും.
ഫോണ്‍ ഉപയോഗിച്ച് വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ചാർജിംഗ് നില പരിശോധിക്കാനും സാധിക്കുന്ന തരത്തിലുള്ള കണക്റ്റഡ് കാർ ഫീച്ചറുകൾ ഇതിലുണ്ട്.
കുതിപ്പും സുരക്ഷയും
79 കിലോവാട്ട് ശേഷിയുള്ള വലിയ ബാറ്ററി പാക്കാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 282 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇതിലെ ഇലക്ട്രിക് മോട്ടോർ.
6.7 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും. മണിക്കൂറിൽ 202 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.
ഒറ്റത്തവണ ചാർജിൽ 683 കിലോമീറ്റർ റേഞ്ച്് മഹീന്ദ്ര അവകാശപ്പെടുന്നു. 180 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 20 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.
യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ലെവൽ 2 അഡാസ്, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യ എന്നിവയും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു. ഡ്രൈവർ മയങ്ങുകയാണെങ്കിൽ മുന്നറിയിപ്പ് നൽകുന്ന ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്ഷൻ സിസ്റ്റം ഇതിലെ മറ്റൊരു പ്രധാന ഫീച്ചറാണ്.
സാധാരണ ഇലക്ട്രിക് കാറുകളേക്കാൾ ഡ്രൈവിംഗ് സുഖം നൽകുന്നതിനായി അഡാപ്റ്റീവ് സസ്പെൻഷൻ സാങ്കേതികവിദ്യയാണ് ബിഇ 6 ഫോർമുല ഇ എഡിഷനിൽ ഉപയോഗിച്ചിരിക്കുന്നത്.
റോഡിന്റെ അവസ്ഥയ്ക്ക് അനുസരിച്ച് സസ്പെൻഷന്റെ കാഠിന്യം സ്വയം ക്രമീകരിക്കാൻ ഇതിന് സാധിക്കും.