Kerala
ആലപ്പുഴ: ഹരിപ്പാട് മദപ്പാടിലായിരുന്ന ആനയെ അഴിച്ചുമാറ്റുന്നതിനിടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. രണ്ടാം പാപ്പാന് ഗുരുതര പരിക്കേറ്റു. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്.
മദപ്പാട് കഴിഞ്ഞെന്ന് കരുതി പാപ്പാന്മാർ ചേർന്ന് ആനയെ മാറ്റിക്കെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ രണ്ടാം പാപ്പനാണ് ആദ്യം കുത്തേറ്റത്. തുടർന്ന് മറ്റു പാപ്പാൻമാർ ചേർന്ന് ആനയെ സുരക്ഷിതമായി തറിയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്.
ഗുരുതരപരിക്കേറ്റ മുരളീധരൻ നായരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Kerala
പാലക്കാട്: അട്ടപ്പാടി ചീരങ്കടവില് കാട്ടാന ആക്രമണത്തില് യുവാവ് കൊല്ലപ്പെട്ടു. ചീരങ്കടവ് സ്വദേശി വെള്ളിങ്കിരി(40) ആണ് മരിച്ചത്. പശുവിനെ മേയ്ക്കാന് കാട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.
തിങ്കളാഴ്ച പശുവിനെ മേയ്ക്കാൻ പോയ വെള്ളിങ്കിരിയെ കാണാതാവുകയായിരുന്നു. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് വനത്തോട് ചേർന്ന പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. രണ്ടു മാസങ്ങൾക്കു മുന്പും പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു.
National
ചെന്നൈ: തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ (58) ആണ് മരിച്ചത്.
കൊളപ്പള്ളി അമ്മൻകോവിലിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിൽക്കുന്പോഴാണ് ഉദയസൂര്യനെ കാട്ടാന ആക്രമിച്ചത്.
Kerala
എടക്കര (മലപ്പുറം): നിലന്പൂരിന ടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. മുണ്ടേരി ഉൾവനത്തിൽ വാണിയംപുഴ ഊരിലെ കൊടിഞ്ഞി ബില്ലി (57) യാണ് കാട്ടാനയുടെ ആക്രമണത്തിൽ മരി ച്ചത്.
ഇന്നലെ രാവിലെ ഊരിനു സമീപമുള്ള കുന്തൻതോട് വനത്തിൽ കൂണ് ശേഖരിക്കാൻ പോയതായിരുന്നു ഇയാൾ. വൈകിയിട്ടും കണാതായപ്പോൾ ബില്ലിയുടെ മക്കൾ നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം മൂന്നരയോടെ കുന്തൻതോട് വനഭാഗത്ത് ആനകൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ നിർമിച്ച കുളത്തിന്റെ കരയിൽ ബില്ലി മരിച്ചുകിടക്കുന്നത് കണ്ടത്.
ആനകളുടെ കാൽപ്പാടുകളും ഇയാൾ മരിച്ചുകിടക്കുന്നതിന് സമീപം കാണപ്പെട്ടിട്ടുണ്ട്. ബില്ലിയുടെ തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കേറ്റിട്ടുള്ളത്. വിവരമറിഞ്ഞ് വനപാലകരും ആദിവാസികളും ചേർന്ന് വൈകുന്നേരം ആറോടെ മൃതദേഹം വനത്തിൽനിന്ന് വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.
എന്നാൽ, മൃതദേഹം ചാലിയാർ പുഴ കടത്തി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ അഗ്നിരക്ഷാ സേനയ്ക്ക് സാധിച്ചില്ല. ചാലിയാർ പുഴ കടക്കവേ അഗ്നിരക്ഷാ സേനാംഗങ്ങൾ സഞ്ചരിച്ച ഡിങ്കി ബോട്ട് പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് ഒലിച്ചുപോയതിനാലാണ് മൃതദേഹം പുറത്തേക്ക് എത്തിക്കാൻ കഴിയാതിരുന്നത്. പിന്നീടെത്തിയ എൻഡിആർഎഫ് സംഘം പുഴയിലെ തുരുത്തിൽ അകപ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങളെ രക്ഷപ്പെടുത്താനായി പോകുകയും ചെയ്തു.
വാണിയംപുഴ ഫേറസ്റ്റ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ഇക്കരയെത്തിച്ച് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. ഓണത്തിയാണ് ബില്ലിയുടെ ഭാര്യ. മക്കൾ: ബാബു, കുമാർ, സിനി, മിനി. മരുമകൾ: ഷീബ.
District News
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെ മുണ്ടേരി ഉൾവനത്തിൽ വാണിയംപുഴ ഭാഗത്താണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഥിരമായി കാട്ടാനശല്യം അനുഭവപ്പെടുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ ജനവാസ മേഖലകളിലേക്കും എത്തുന്നത് പതിവായിട്ടുണ്ട്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന്, വനം വകുപ്പ് അധികൃതർ ഉന്നതതല യോഗം ചേർന്നു. കാട്ടാന ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും, കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അധികൃതർ ഉറപ്പുനൽകി.
Kerala
കല്ലടിക്കോട്: മുണ്ടൂർ ഞാറക്കോട് ഭാഗത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ കാട്ടാന കൊന്നതു മൂന്നു പേരെ. സോളിച്ചൻ വർഗീസ്, അലൻ, കുമാരൻ എന്നിവരാണ് ഒരു കിലോമീറ്ററിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെരുകിൽ ആന്റണി കിടപ്പിലാണ്.
ആദ്യമൊക്കെ വല്ലപ്പോഴും വന്നിരുന്ന ആനകൾ അടുത്തകാലത്തായി സ്ഥിരം എത്തുന്നുണ്ട്. കൂട്ടമായി എത്തുന്ന ആനകൾ കാർഷികവിളകൾ നശിപ്പിക്കുന്നതും പതിവാണ്. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ല. വീടുകൾക്കു സമീപം വനത്തിൽ ഒളിഞ്ഞുനിൽക്കുന്ന ആനകൾ പെട്ടെന്നു പ്രത്യക്ഷപ്പെട്ട് ആളുകളെ ആക്രമിക്കുകയാണ്.
രാവിലെ റബർ വെട്ടാൻ തോട്ടത്തിലേക്കു പോകുമ്പോഴാണ് സോളിച്ചനെ കാട്ടാന കുത്തിക്കൊന്നത്. അമ്മയോടൊപ്പം സഹോദരിയുടെ വീട്ടിൽ പോയി തിരിച്ചുവരുമ്പോഴാണ് അലൻ വീടിനുസമീപം കൊല്ലപ്പെടുന്നത്.
വീടിനു പുറത്തു ശബ്ദം കേട്ട് പുറത്തിറങ്ങിയ കുമാരനെ കാട്ടാന ചവിട്ടിക്കൊന്നത്. കാട്ടാനയെ ഇതിനുമുമ്പ് ഈ പ്രദേശത്തു കണ്ടിട്ടില്ലെന്നും മറ്റെവിടെയോനിന്ന് ഇവിടെ എത്തിയതാകാമെന്നും നാട്ടുകാർ പറഞ്ഞു.
ഈ പ്രദേശത്തു കാട്ടാനയുടെ ആക്രമണം ഭയന്ന് വീട്ടുകാർ പുറത്തിറങ്ങാൻ മടിക്കുകയാണ്. കുട്ടികളെ സ്കൂളിൽ വിടാൻപോലും പേടിയാണ്. വൈകുന്നേരമായാൽ കുട്ടികളും മുതിർന്നവരും വീടിനുള്ളിൽ കയറി വാതിൽ അടച്ചിരിക്കുകയാണു പതിവ്. വനത്തോടു ചേർന്നുകിടക്കുന്ന കൃഷിയിടങ്ങളും വീടുകളും കാട്ടാനകളുടെ വിഹാരകേന്ദ്രങ്ങളാണ്.
മഴക്കാലമായതോടെ കാട്ടാനകൾ സ്ഥിരം കൃഷിയിടങ്ങളിൽ എത്താറുണ്ട്. കൃഷിയിടത്തിൽ എത്തുന്ന കാട്ടാനകൾ ചക്കയും മാങ്ങയും വലിച്ചുപറിച്ചു തിന്നുകയും തെങ്ങും കമുകും റബറും കുത്തിമറിച്ച് നശിപ്പിക്കുകയും ചെയ്യുന്നതു പതിവാണ്. ധോണി മുതൽ പുളിയമ്പുള്ളി വരെയുള്ള ഭാഗത്താണ് കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത്.
വന്യമൃഗങ്ങൾ കൃഷിയിടത്തിലും നാട്ടിലും ഇറങ്ങി ജീവനും സ്വത്തിനും ഭീഷണിയായിത്തീരുന്നത് അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു. ട്രഞ്ച് നിർമിച്ചും വൈദ്യുതിവേലി അറ്റകുറ്റപ്പണികൾ നടത്തിയും വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തുന്നതു തടയണമെന്നും കർഷകർ ആവശ്യപ്പെടുന്നു.