ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖലയിൽ നിർണായക ചുവടുവയ്പ്പുമായി അദാനി ഗ്രൂപ്പ്. ലോകത്തിലെ പ്രമുഖ വിമാന നിർമാതാക്കളായ ബ്രസീൽ കമ്പനി എംബ്രയറുമായി ചേർന്ന് ഇന്ത്യയിൽ വാണിജ്യ വിമാനങ്ങൾ നിർമിക്കുന്നതിനായുള്ള ധാരണാപത്രത്തിൽ അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് ഒപ്പുവച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കരുത്തുപകരുന്ന ഈ നീക്കം, രാജ്യത്ത് ഒരു പ്രാദേശിക ഗതാഗത വിമാന ആവാസവ്യവസ്ഥ (Regional Transport Aircraft Ecosystem) കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ്.
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് കരാർ പ്രഖ്യാപിച്ചത്. എയർബസിനും ബോയിംഗിനും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ വിമാന നിർമാതാക്കളായ എംബ്രയർ, ഇതോടെ തങ്ങളുടെ റീജണൽ ജെറ്റുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യും. വിമാനങ്ങളുടെ നിർമാണം മാത്രമല്ല, അനുബന്ധ ഭാഗങ്ങളുടെ നിർമാണം, അറ്റകുറ്റപ്പണികൾ, പൈലറ്റ് പരിശീലനം എന്നിവയുൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ നിർമാണ യൂണിറ്റ് എവിടെയായിരിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വരും മാസങ്ങളിൽ വ്യക്തത വരുമെന്ന് അദാനി ഡിഫൻസ് ഡയറക്ടർ ജീത് അദാനി അറിയിച്ചു. പ്രാദേശിക വിമാന സർവീസുകൾ വർധിപ്പിക്കുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ ‘ഉഡാൻ’ (UDAN) പദ്ധതിക്ക് പുതിയ കരാർ വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദശകങ്ങളിൽ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് 80 മുതൽ 140 വരെ സീറ്റുകളുള്ള അഞ്ഞൂറിലധികം വിമാനങ്ങൾ ആവശ്യമായി വരുമെന്നാണ് എംബ്രയറിന്റെ കണക്കുകൂട്ടൽ.
ഇന്ത്യൻ വ്യോമസേനയ്ക്കും മറ്റ് ഏജൻസികൾക്കുമായി നിലവിൽ അമ്പതോളം വിമാനങ്ങൾ എംബ്രയർ നൽകിയിട്ടുണ്ട്. മഹീന്ദ്ര ഗ്രൂപ്പുമായി ചേർന്ന് സൈനിക വിമാനങ്ങൾ നിർമിക്കാനുള്ള ചർച്ചകളും കമ്പനി നടത്തുന്നുണ്ട്. ഈ മാസം 28ന് ആരംഭിക്കുന്ന ‘വിംഗ്സ് ഇന്ത്യ 2026’ (Wings India 2026) പ്രദർശനത്തിൽ എംബ്രയർ തങ്ങളുടെ അത്യാധുനിക വിമാനങ്ങൾ പ്രദർശിപ്പിക്കും. അദാനിയുമായുള്ള ഈ സഹകരണം ഇന്ത്യയെ ഒരു ആഗോള വ്യോമയാന നിർമാണ ഹബ്ബായി മാറ്റുന്നതിൽ നിർണായകമാകുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ അഭിപ്രായപ്പെട്ടു.
നിർമാണ കേന്ദ്രത്തിനായി ധോലേരയും ഭോഗാപുരവും പരിഗണനയിൽ
അദാനിയും എംബ്രയറും തമ്മിലുള്ള പുതിയ ധാരണയുടെ പശ്ചാത്തലത്തിൽ, വിമാന നിർമാണ കേന്ദ്രം എവിടെ സ്ഥാപിക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. ഗുജറാത്തിലെ ധോലേര സ്പെഷൽ ഇൻവെസ്റ്റ്മെന്റ് റീജണോ അതല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ ഭോഗാപുരമോ ഈ വൻകിട പദ്ധതിക്ക് വേദിയാകാനാണ് സാധ്യത. ഇതിൽ ഗുജറാത്തിലെ ധോലേരയ്ക്കാണ് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. വരും മാസങ്ങളിൽ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും പ്ലാന്റ് നിർമാണം ഉടൻ ആരംഭിക്കുമെന്നുമാണ് അദാനി ഗ്രൂപ്പ് നൽകുന്ന സൂചന.
പരിസ്ഥിതി സൗഹൃദമായ വിമാനങ്ങൾ
ഇന്ത്യയിലെ പ്രാദേശിക വിമാന സർവീസുകൾക്കായി എംബ്രയറിന്റെ ഏറ്റവും പുതിയ ഇ-ജെറ്റ് ഇ2 ശ്രേണിയിലുള്ള വിമാനങ്ങളായിരിക്കും പ്രധാനമായും നിർമിക്കുക. പരിസ്ഥിതി സൗഹൃദമായ ഈ വിമാനങ്ങൾ മറ്റു വിമാനങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തോളം കുറഞ്ഞ ഇന്ധനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന പ്രത്യേകതയുണ്ട്. ശബ്ദമലിനീകരണം ഗണ്യമായി കുറഞ്ഞ ഇവയ്ക്ക് 150 വരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. ഇന്ത്യയിലെ ടിയർ-2, ടിയർ-3 നഗരങ്ങളിലെ ചെറിയ റൺവേകളിൽ പോലും സുരക്ഷിതമായി ഇറങ്ങാൻ സാധിക്കും എന്നതിനാലാണ് ഈ മോഡലുകൾക്ക് ഇന്ത്യയിൽ വലിയ ഡിമാൻഡ് പ്രതീക്ഷിക്കുന്നത്.
ടാറ്റ-എയർബസ് പദ്ധതിയുടെ മാതൃകയിൽ, അടുത്ത മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിർമിച്ച ആദ്യ എംബ്രയർ വിമാനം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, അടുത്ത ഇരുപത് വർഷത്തിനുള്ളിൽ അഞ്ഞൂറിലധികം ചെറുവിമാനങ്ങൾ ഇന്ത്യക്ക് ആവശ്യമായി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.