ആഘോഷങ്ങളുടെയും വൈവിധ്യമാർന്ന ആചാരങ്ങളുടെയും പര്യായമായ ഇന്ത്യൻ വിവാഹവേദികളിൽ നിന്ന് എപ്പോഴും കൗതുകകരമായ വാർത്തകൾ പുറത്തുവരാറുണ്ട്.
അത്തരത്തിൽ പ്രശസ്ത കണ്ടന്റ് ക്രിയേറ്റർമാരായ നിധി കുമാറിന്റെയും മോഹക് മൽഹോത്രയുടെയും വിവാഹത്തോടനുബന്ധിച്ച് നടന്ന ഒരു അവിശ്വസനീയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വധുവായ നിധി കുമാറിന്റെ മേൽ ചടങ്ങുകൾക്കിടെ പക്ഷി കാഷ്ഠിച്ചതും അതിനെത്തുടർന്നുണ്ടായ രസകരമായ നിമിഷങ്ങളുമാണ് വിഡിയോയിലുള്ളത്.
വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിനായി തയ്യാറെടുത്ത് ഇരിക്കുമ്പോഴായിരുന്നു വായുവിൽ നിന്നും അപ്രതീക്ഷിതമായി ആ "അനുഗ്രഹം" നിധിയെ തേടിയെത്തിയത്. ഒരിക്കൽ മാത്രമല്ല, രണ്ടുതവണയാണ് പക്ഷി വധുവിന്റെ മേൽ കാഷ്ഠിച്ചത്.
ആകെ അമ്പരന്നുപോയ നിധി പരിഭ്രമത്തോടെ പ്രതികരിക്കുമ്പോൾ ചുറ്റുമുള്ള സുഹൃത്തുക്കളും ബന്ധുക്കളും ഇതിനെ വലിയൊരു ഭാഗ്യലക്ഷണമായാണ് വിശേഷിപ്പിച്ചത്.
നമ്മുടെ സംസ്കാരത്തിൽ പക്ഷി ദേഹത്ത് കാഷ്ഠിക്കുന്നത് ഐശ്വര്യത്തിന്റെ ലക്ഷണമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഈ വിശ്വാസത്തെ മുൻനിർത്തി ഇത് വരാനിരിക്കുന്ന നല്ല നാളുകളുടെ സൂചനയാണെന്ന് പറഞ്ഞ് എല്ലാവരും വധുവിനെ ആശ്വസിപ്പിക്കുകയും അതേസമയം തന്നെ കളിയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
വിഡിയോയുടെ പശ്ചാത്തലത്തിൽ നിധിയുടെ സുഹൃത്തുക്കൾ നടത്തുന്ന തമാശകൾ ഏറെ ചിരി പടർത്തുന്നവയാണ്. ഇതൊരു മെഡിക്കൽ എമർജൻസിയാണെന്നും മറ്റും പറഞ്ഞ് അവർ വധുവിനെ കളിയാക്കുന്നുണ്ട്.
പെട്ടെന്നുണ്ടായ ഷോക്കിൽ നിധി നിലവിളിക്കുമ്പോഴും സഹോദരങ്ങളായ കരൺ കപൂറും ഗൗരവ് കപൂറും മാത്രമാണ് സഹായത്തിനെത്തിയതെന്ന് താരം വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു. മറ്റു പലരും ഈ അപൂർവ്വ നിമിഷം ആസ്വദിക്കുകയായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വിഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. പക്ഷിയുടെ വക ഹൽദി സംഭാവനയാണെന്നും ഇതിലും വലിയ ഭാഗ്യം വേറെ വരാനില്ലെന്നും ആരാധകർ കുറിക്കുന്നു.
മിക്കവാറും എല്ലാ മതങ്ങളിലും വിശ്വാസങ്ങളിലും ഇതൊരു പോസിറ്റീവ് അടയാളമായാണ് കാണുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി. അപ്രതീക്ഷിതമായി നടന്ന ഈ സംഭവം നിധിയുടെ വിവാഹ ഓർമ്മകളിൽ മായാത്ത ഒന്നായി മാറിക്കഴിഞ്ഞു.