മൊഹാലി: പ്രശസ്ത പഞ്ചാബി നടിയും മോഡലുമായ ഹിമാൻഷി ഖുറാനയ്ക്ക് വിദേശത്തുള്ള ഗുണ്ടാസംഘത്തിൽ നിന്നും പത്ത് കോടി രൂപയുടെ ഭീഷണി സന്ദേശം ലഭിച്ചു. സംഭവത്തിൽ താരം മൊഹാലി പോലീസിൽ പരാതി നൽകി.
ഹിമാൻഷിയുടെ ഇമെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം വന്നത്. പത്ത് കോടി രൂപ നൽകണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സന്ദേശത്തിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം സോഹാന പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഒരു വിദേശ ഗുണ്ടാസംഘത്തിന്റെ ശബ്ദ സന്ദേശവും ഇമെയിലിനൊപ്പം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ഇമെയിലിന്റെയും ശബ്ദ സന്ദേശത്തിന്റെയും ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. 2013-ൽ പുറത്തിറങ്ങിയ 'സദ്ദ ഹഖ്' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഹിമാൻഷി ഖുറാന, ബിഗ് ബോസ് 13-ൽ പങ്കെടുത്തതോടെയാണ് രാജ്യത്തുടനീളം പ്രശസ്തയായത്.