ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഇന്നലെയും ഇന്നുമായി നിരവധി വിമാനങ്ങൾ റദ്ദാക്കിയത്. ഇൻഡിഗോ മാത്രം റദ്ദാക്കിയത് 150 ഓളം സർവീസുകളാണ്. എയർ ഇന്ത്യയും നിരവധി സർവീസുകൾ റദ്ദാക്കിയിരുന്നു. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാൽ ജീവനക്കാരുടെ കുറവാണെന്നും ചെക്കിൻ സോഫ്റ്റ്വെയറിലെ തകരാറാണെന്നും വിവരങ്ങളുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചത്.
മൊത്തം സർവീസുകളിൽ വെറും 35 ശതമാനം മാത്രമേ ഇൻഡിഗോ കഴിഞ്ഞ ദിവസം സർവീസ് നടത്തിയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബുധനാഴ്ച മാത്രം ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങൾ പ്രകാരം കൂടുതൽ ജീവനക്കാരുടെ പട്ടിക തയാറാക്കുന്നതിനാൽ എയർലൈൻ കടുത്ത പൈലറ്റ് ക്ഷാമം നേരിടുന്നുവെന്നാണ് റിപ്പോർട്ട്.
യാത്രക്കാർക്ക് ബദൽ വിമാന ഓപ്ഷനുകൾ അല്ലെങ്കിൽ റീഫണ്ട് ഉറപ്പാക്കുമെന്നും തടസങ്ങൾ കാരണം ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് https://www.goindigo.in/check-flight-status.html എന്ന വെബ്സൈറ്റിൽ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉപഭോക്താക്കളോട് എയർലൈൻ അഭ്യർഥിച്ചു.