പനാജി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) ആദ്യമായി തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്ര പ്രതാപ് കമ്മീഷന് ചെയ്തു. ഇന്നലെ സൗത്ത് ഗോവയിലെ വാസ്കോയിലെ ജിഎസ്എല്ലില് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് കമ്മീഷൻ ചെയ്തത്.
രാജ്യത്തിന്റെ സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം സുരക്ഷിതവും വൃത്തിയുള്ളതുമായ സമുദ്രങ്ങള്‍ ഉറപ്പാക്കാനാണ് സമുദ്ര പ്രതാപ് ലക്ഷ്യമിടുന്നത്.
ഗോവ ഷിപ്യാര്ഡ് ലിമിറ്റഡ് (ജിഎസ്എല്‍) നിര്‍മിച്ച രണ്ട് മലിനീകരണ നിയന്ത്രണ കപ്പലുകളില്‍ ആദ്യത്തേതാണ് സമുദ്ര പ്രതാപ്.
114.5 മീറ്റര്‍ നീളമുള്ള ഈ കപ്പലില്‍ 60 ശതമാനത്തിലധികവും തദ്ദേശീയമായി നിര്‍മിച്ചവയാണ്. 4,200 ടണ്‍ ഭാരമുള്ള കപ്പലിന് 22 നോട്ടില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാൻ കഴിയും.