ജറുസലേം: ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം നൽകിയ യുഎൻ നടപടിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്തു.
എന്നാൽ, യുഎൻ പ്രമേയത്തെ ഹമാസ് തള്ളി. വിദേശ നിയന്ത്രണത്തിനുള്ള ഉപകരണമാണിതെന്നും ഹമാസ് വിമർശിച്ചു. ഗാസയുടെ സമ്പൂർണ നിരായുധീകരണം, അപസൈനികവത്കരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിനാൽ ട്രംപിന്റെ പദ്ധതി സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്ന് വിശ്വസിക്കുന്നതായി നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.
അതിർത്തികളുടെ മേൽനോട്ടം, സുരക്ഷ, ഗാസയുടെ അപസൈനികവൽക്കരണം എന്നിവയുൾപ്പെടെ അന്താരാഷ്ട്ര സേനയ്ക്കു വിപുലമായ അധികാരമാണ് പ്രമേയം നൽകുന്നത്. സമാധാന ബോർഡിനും അന്താരാഷ്ട്ര സേനയ്ക്കുമുള്ള അംഗീകാരം 2027 അവസാനത്തോടെ കഴിയും.
നിരായൂധീകരണത്തിനുൾപ്പെടെ അന്താരാഷ്ട്രസേനയ്ക്കു നൽകുന്ന പരമാധികാരം അതിന്റെ നിഷ്പക്ഷതയെ ഇല്ലാതാക്കുമെന്നു ഹമാസ് കുറ്റപ്പെടുത്തി. പ്രമേയം പലസ്തീൻ ജനതയുടെ രാഷ്ട്രീയവും മാനുഷികവുമായ ആവശ്യങ്ങളെയും അവകാശങ്ങളെയും തൃപ്തിപ്പെടുത്തുന്നതല്ല.
യുഎൻ മേൽനോട്ടത്തിൽ അന്താരാഷ്ട്ര സേന ഉണ്ടാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. വെടിനിർത്തൽ നിരീക്ഷിക്കാൻ ഗാസയുടെ അതിർത്തികളിൽ മാത്രം സേനയെ വ്യന്യസിക്കണമെന്നും ഹമാസ് നിർദേശിച്ചു. എന്നാൽ, പലസ്തീൻ അഥോറിറ്റി പ്രമേയത്തെ സ്വാഗതം ചെയ്തു. പ്രമേയത്തിലെ നിർദേശങ്ങൾ ഉടൻ താഴേത്തട്ടിൽ നടപ്പാക്കാൻ തയാറാണെന്നും അവർ അറിയിച്ചു.