കൊല്ലം: തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തിനുള്ള മലബാർ എക്സ്പ്രസിന്റെ പിന്നിലെ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചു റെയിൽവേ. രണ്ട് ജനറൽ കോച്ച് ഉണ്ടായിരുന്നതാണ് ഒന്നായി കുറച്ചത്. വൈകുന്നേരം 6.40ന് തിരുവനന്തപുരം സെൻട്രലിൽനിന്നു പുറപ്പെടുന്പോൾ മുതൽ ജനറൽ കോച്ചിൽ യാത്രക്കാരുടെ തിക്കുംതിരക്കുമാണ്.
മലബാറും മാവേലിയും പോയിക്കഴിഞ്ഞാൽ മംഗലാപുരത്തിന് കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനുകളിൽനിന്നു പിന്നെ ട്രെയിനുള്ളത് രാത്രി 10.20 കഴിഞ്ഞാണ്. അതിനാൽ എല്ലാ ദിവസവും മലബാർ ട്രെയിനിൽ കയറാൻ യാത്രക്കാരുടെ വലിയ തിരക്കാണ്.
രാത്രി 7.10ന് വഞ്ചിനാട് എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ പിന്നെ രാത്രി എട്ടുകഴിഞ്ഞ് എറണാകുളം ഭാഗത്തേക്ക് എല്ലാ ദിവസവുമുള്ള വണ്ടിയും മലബാർ, മാവേലി എക്സ്പ്രസുകളാണ്. ഇതിൽ മലബാറിന് മിക്ക ഇടത്തരം സ്റ്റേഷനുകളിലും സ്റ്റോപ്പുമുണ്ട്. അതിനാൽ കൂടുതൽ യാത്രക്കാർ മലബാറിനെ എല്ലാദിവസവും ആശ്രയിക്കുന്നു. ഇതെല്ലാം അവഗണിച്ചാണ് മലബാർ എക്സ്പ്രസിന്റെ ജനറൽ കോച്ച് വെട്ടിക്കുറച്ചിരിക്കുന്നത്. വെട്ടിക്കുറച്ച കോച്ച് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.