നയരൂപീകരണത്തിന്റെ ശീതീകരിച്ച മുറികളിൽ നിന്ന് സാധാരണക്കാരന്റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് രാജ്യസഭാ എംപി രാഘവ് ചദ്ദ.
ഇന്ത്യയിലെ ഗിഗ് തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ നേരിട്ട് മനസിലാക്കാൻ അദ്ദേഹം ഒരു ദിവസം മുഴുവൻ ബ്ലിങ്കിറ്റ് ഡെലിവറി പാർട്ണറായി വേഷമിട്ടു.
പാർലമെന്റ് ഹാളിലെ ഗൗരവമേറിയ ചർച്ചകളിൽ നിന്ന് മാറി, ബ്രാൻഡഡ് ടീ ഷർട്ടും ഹെൽമറ്റും ധരിച്ച് ഡെലിവറി ബാഗുമായി നിരത്തിലിറങ്ങിയ എംപിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും മിനിറ്റുകൾക്കുള്ളിൽ വീട്ടുപടിക്കൽ എത്തുമ്പോൾ അതിനു പിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യർ അനുഭവിക്കുന്ന സമ്മർദ്ദവും കഷ്ടപ്പാടും മനസിലാക്കാനാണ് ഇദ്ദേഹം ഈ വഴി തിരഞ്ഞെടുത്തത്.
മറ്റൊരു ഡെലിവറി പാർട്ണറുടെ സ്കൂട്ടറിൽ പിന്നിലിരുന്ന് നഗരത്തിലെ തിരക്കേറിയ വീഥികളിലൂടെ സഞ്ചരിച്ചും ഓർഡറുകൾ ശേഖരിച്ചും അദ്ദേഹം ഈ ജോലിയുടെ എല്ലാ വശങ്ങളും നിരീക്ഷിച്ചു.
ഉപഭോക്താവിന്റെ വീടിന് മുന്നിലെത്തി ബെല്ലടിക്കുന്നതോടെ അവസാനിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ, തൊഴിലാളികൾ അനുഭവിക്കുന്ന 'അദൃശ്യമായ അധ്വാനത്തെ' ജനശ്രദ്ധയിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.
വെറും രാഷ്ട്രീയ പ്രസംഗങ്ങളിൽ ഒതുങ്ങാതെ, താഴെത്തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ നേരിട്ട് പഠിക്കാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും രാഘവ് ചദ്ദ കാണിച്ച ഈ സന്നദ്ധതയെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുകയാണ്.
തന്റെ ഈ അനുഭവത്തിൽ നിന്നുള്ള കൂടുതൽ വിവരങ്ങളും ഉൾക്കാഴ്ചകളും അദ്ദേഹം ഉടൻ പുറത്തുവിടുമെന്നാണ് സൂചന.