സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് അരങ്ങേറും. ധകുഖാന, സിലാപത്തര്‍ എന്നിവിടങ്ങളിലായി രാവിലെ ഒമ്പതിനും ഉച്ചകഴിഞ്ഞ് രണ്ടിനുമായാണ് നാല് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. അതോടെ ഇത്തവണത്തെ സെമി ഫൈനല്‍ ചിത്രം വ്യക്തമാകും. മത്സരങ്ങള്‍ ഫിഫ പ്ലസ് ആപ്പില്‍ തത്സമയം.
നിലവിലെ ചാമ്പ്യന്മാരായ ബംഗാളിന്റെയും ഫൈനസ്റ്റുകളായ കേരളത്തിന്റെയും മത്സരങ്ങള്‍ ഉച്ചകഴിഞ്ഞ് രണ്ടിനാണ്. ബംഗാളിന്റെ എതിരാളികള്‍ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയിലെ നാലാം സ്ഥാനക്കാരായ സര്‍വീസസ്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കേരളത്തെ കീഴടക്കിയാണ് സര്‍വീസസ് ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയത്. അതേസമയം, ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരാണ് ബംഗാള്‍.
കേരളം x ആസാം
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ മൂന്നു ജയം ഒരു സമനില ഒരു തോല്‍വി എന്നിങ്ങനെ 10 പോയിന്റ് നേടി ഒന്നാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരാണ് ആതിഥേയരായ ആസാം. മൂന്നു സമനിലയും ഒരു ജയവും ഒരു തോൽവിയുമായി ആറ് പോയിന്റാണ് ആസാം സ്വന്തമാക്കിയത്.
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ 3-1ന് പഞ്ചാബിനെ കീഴടക്കിയാണ് കേരളം പോരാട്ടം ആരംഭിച്ചത്. എന്നാല്‍, രണ്ടാം മത്സരത്തില്‍ റെയില്‍വേസുമായി 1-1 സമനിലയില്‍ പിരിഞ്ഞു. മൂന്നാം പോരാട്ടത്തില്‍ 1-0ന് ഒഡീഷയെ കീഴടക്കിയ കേരളം, നാലാം മത്സരത്തില്‍ 3-0ന് മേഘാലയയെ തകര്‍ത്തു. അവസാന മത്സരത്തില്‍ സര്‍വീസസിനോട് 1-0ന്റെ തോല്‍വി വഴങ്ങിയത് മാത്രമാണ് ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ കേരളത്തിന്റെ ഏക നെഗറ്റീവ് മാര്‍ക്ക്.
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ തമിഴ്നാടിനോട് 1-0ന്റെ തോല്‍വി വഴങ്ങിയശേഷം ശക്തമായി തിരിച്ചെത്തിയാണ് ആസാം ക്വാര്‍ട്ടറിലേക്ക് എത്തിയിരിക്കുന്നത്.
ക്വാര്‍ട്ടര്‍ ഫിക്സ്ചര്‍
റെയില്‍വേസ് x രാജസ്ഥാന്, 9.00 am
തമിഴ്നാട് x പഞ്ചാബ്, 9.00 am
ബംഗാള്‍ x സര്‍വീസസ്, 2.00 pm
കേരളം x ആസാം, 2.00 pm