തിരുവനന്തപുരം: ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവ ജാഗ്രത. കഴിഞ്ഞ ദിവസം രാത്രിതന്നെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച സുരക്ഷാ പരിശോധന ഇന്നലെയും തുടർന്നു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും ഉൾപ്പെടെ വിപുലമായ സുരക്ഷാ പരിശോധനയാണ് ഇന്നലെ നടന്നത്. സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ കഴിഞ്ഞ ദിവസം രാത്രി തന്നെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദേശം നൽകിയിരുന്നു.
ജനബാഹുല്യമുള്ള റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇന്നലെ പരിശോധനയുണ്ടായത്. കൊച്ചി മെട്രോയിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
തിരുവനന്തപുരത്ത് തമ്പാനൂർ, പേട്ട തുടങ്ങി റെയിൽവേ സ്റ്റേഷനുകളിലും സെൻട്രൽ ബസ്സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലും പരിശോധന നടന്നു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള പരിശോധനയിൽ പങ്കെടുത്തു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ 112 ൽ വിളിച്ച് അറിയിക്കേണ്ടതാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.