ജയ്പുർ: കാമുകന്റെ കൂടെ ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. കഴിഞ്ഞ 30ന് നടന്ന സംഭവത്തിൽ രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ സ്വദേശിയായ ആഷിഷാണ് കൊല്ലപ്പെട്ടത്.
കേസിൽ ആഷിന്റെ ഭാര്യ അഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം വാഹനാപകടമാണെന്ന് കരുതിയ സംഭവമാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്. മൂന്നു മാസങ്ങൾക്കു മുമ്പാണ് ആഷിഷും അഞ്ജുവും വിവാഹിതരായത്.
നടക്കാൻ പോകുന്നതിനിടെ തങ്ങളെ ഒരു വാഹനം ഇടിച്ചെന്നും ഭർത്താവ് മരണപ്പെട്ടുവെന്നുമാണ് യുവതി മൊഴി നൽകിയത്. കാറിലുള്ളവർ തന്റെ സ്വർണാഭാരണങ്ങളും മറ്റും കവർന്നുവെന്നും ഇവർ പറഞ്ഞിരുന്നു.
ആഷിഷിന്റെ ശരീരത്തിൽ വാഹനാപകടത്തിന് പുറമെ കണ്ട പരിക്കുകളിൽ പോലീസിന് നേരത്തേ തന്നെ സംശയം തോന്നിയിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചതിനെ തുടർന്നാണ് ആഷിഷ് മരിച്ചതെന്നും വ്യക്തമായതോടെ സംശയം അഞ്ജുവിലേക്ക് നീളുകയായിരുന്നു.
എന്നാൽ അപകടത്തിലും ആഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾക്കിടയിലും അഞ്ജുവിന് കാര്യമായ പരിക്കുകളില്ലാതിരുന്നതും സംശയം ബലപ്പെടുത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനുശേഷം നടത്തിയ ചോദ്യം ചെയ്യലിൽ അഞ്ജു കുറ്റം സമ്മതിക്കുകയായിരുന്നു.
തന്നെ കൊള്ളയടിച്ചെന്ന് വരുത്തിത്തീർക്കാൻ അഞ്ജു ആഭരണങ്ങളും മറ്റും കാമുകനായ സഞ്ജുവിന് നൽകിയിരുന്നു. സംഭവ ദിവസം നടക്കാൻ പോയ ആഷിഷിനെ അഞ്ജുവിന്റെ കാമുകൻ രോഹിത്തും സുഹൃത്ത് സിദ്ധാർഥും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ കാറിടിപ്പിക്കുകയായിരുന്നു.