കൊച്ചി: അവയവക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും ഇന്ത്യയില്‍നിന്ന് അവയക്കടത്ത് ലക്ഷ്യമിട്ട് പതിനാല് പേരെ ഇറാനിലേക്ക് കൊണ്ടു പോയതായും എന്‍ഐഎ കോടതിയെ അറിയിച്ചു.
റാക്കറ്റിന്റെ ഇരകളായ കൂടുതല്‍ പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കണ്ടെത്തിയെന്നും എന്‍ഐഎ അറിയിച്ചു. ഇറാന് അവയക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ കൊച്ചിയിലെ എന്‍ഐഎ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇറാനിലെ ടെഹ്റാന് കേന്ദ്രീകരിച്ച് ടൂറിസം രംഗത്ത് പ്രവര്‍ത്തിച്ചിരുന്നയാളാണ് അറസ്റ്റിലായ മധു. 2024 മേയ് 18ന് അവയവക്കടത്ത് ശൃംഖലയില്‍ പങ്കുണ്ടെന്ന് സംശയിച്ച് ഒരു യുവാവിനെ കൊച്ചി വിമാനത്താവളത്തില്‍നിന്ന് പിടികൂടിയതിനെത്തുടര്‍ന്നാണ് കേസ് ആരംഭിക്കുന്നത്.
ആദ്യം എറണാകുളം റൂറല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. 2025 ഫെബ്രുവരിയില്‍ ഇറാനില്‍ താമസിച്ചിരുന്ന മധുവിനെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.