മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ഓവർസീസ് ബാങ്കും പലിശനിരക്കുകൾ കുറച്ചു. റിസർവ് ബാങ്ക് റീപോ നിരക്ക് കുറച്ചതിനു പിന്നാലെയാണ് നടപടി. തിങ്കളാഴ്ച പ്രാബല്യത്തിൽ വരും.
വായ്പാപലിശ മാനദണ്ഡങ്ങളായ എംസിഎൽആർ, ആർഎൽഎൽആർ, ബേസ്റേറ്റ് തുടങ്ങിയവയിലാണ് മാറ്റം. ഈ വിഭാഗത്തിൽ നിലവിൽ വായ്പയുള്ളവർക്കും പുതുതായി വായ്പ എടുക്കുന്നവർക്കും നേട്ടമാണ് ബാങ്കിന്റെ തീരുമാനം. അതേസമയം, എഫ്ഡിയുടെ പലിശനിരക്കിലും ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്.
എസ്ബിഐയുടെ ഇളവ്
മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) അഞ്ചു ബേസിസ് പോയിന്റിന്റെ് കുറവവരുത്തി. എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് (ഇബിഎൽആർ) 25 ബേസിസ് പോയിന്റ് കുറച്ചു. ഇത് റിപ്പോ ലിങ്ക് വായ്പകളിൽ കുറവുണ്ടാക്കുന്നു.
എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശയും കുറച്ചു. ഇതുപ്രകാരം രണ്ടു വർഷം മുതൽ മൂന്നു വർഷത്തിൽ താഴെവരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് അഞ്ച് ബേസിസ് പോയി ന്റാണ് കുറച്ചത്.
എസ്ബിഐ ‘അമൃത് വൃഷ്ടി’യുടെ പലിശനിരക്ക് 444 ദിവസത്തെ നിക്ഷേപത്തിന് 6.60ൽനിന്ന് 6.45 ശതമാനമായും കുറച്ചിട്ടുണ്ട്. സൂപ്പർ സീനിയേഴ്സിന് നൽകുന്ന പലിശ 7.20ൽ നിന്ന് 7.05 ശതമാനത്തിലേക്കും കുറയും.
ഐഒബിയുടെ ഇളവ്
ഐഒബി റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് (ആർഎൽഎൽആർ) 25 ബേസിസ് പോയിന്റ് കുറച്ച് 8.10 ശതമാനമാക്കി. മൂന്നു മാസം മുതൽ മൂന്നു വർഷം വരെയുള്ള എംസിഎൽആറിൽ അഞ്ചു ബേസിസ് പോയിന്റെ കുറവും വരുത്തും.