തിരുവനന്തപുരം: ക്രിക്കറ്റ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് ശനിയാഴ്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമ്പോള്‍, ആരാധകരുടെ മനസ്സില്‍ ആശങ്കയും ആവേശവും ഒരുപോലെ. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ കലാശപ്പോരാട്ടത്തിന് സ്വന്തം മണ്ണില്‍ സഞ്ജു സാംസണ് പാഡണിയുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്ന പ്രധാന ചോദ്യം.
ഹൈദരാബാദില്‍ നടന്ന മൂന്നാം ടി20യില്‍ പന്ത് തടയുന്നതിനിടെ വിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇഷാന് കിഷന് കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ താരം പരിക്ക് മാറി തിരിച്ചെത്തുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇഷാന് മടങ്ങിയെത്തിയാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമാകുമോ എന്ന ഭീതിയിലാണ് ആരാധകർ.
കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 118 റണ്‍സ് നേടി മികച്ച ഫോമിലാണ് ഇഷാൻ കിഷൻ. എന്നാൽ നാല് ഇന്നിംഗ്സുകളില്‍ നിന്നായി വെറും 16 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാത്തത് സഞ്ജുവിനെ പ്രതിരോധത്തിലാക്കുന്നു.
ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് തൊട്ടുമുമ്പുള്ള അവസാന അന്താരാഷ്ട്ര മത്സരമാണിത്. ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ സഞ്ജുവിന് മുന്നിലുള്ള അവസാന അവസരവും. തിരുവനന്തപുരത്തെ മത്സരത്തിന് ശേഷം ഉടന്‍ തന്നെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ, സഞ്ജുവിന്റെ ഓരോ റണ്ണും സെലക്ടര്‍മാരുടെ കണ്ണില്‍ വിലപ്പെട്ടതാണ്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1 ന് മുന്നിലാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും ജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിച്ചിരുന്നു. എന്നാല്‍ വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തില്‍ ന്യൂസിലന്‍ഡ് തിരിച്ചടിച്ചതോടെ ഇന്ത്യയുടെ ലീഡ് 3-1 ആയി കുറഞ്ഞു. തിരുവനന്തപുരത്ത് വിജയിച്ച് പരമ്പര 4-1 ന് അവസാനിപ്പിക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇഷാന് കിഷന്റെ ഫിറ്റ്നസ് സംബന്ധിച്ച ബി.സി.സി.ഐ മെഡിക്കല്‍ ടീമിന്റെ അന്തിമ റിപ്പോര്‍ട്ട് നാളെ വരാനിരിക്കെ, സ്വന്തം കാണികള്‍ക്ക് മുന്നില്‍ സഞ്ജുവിന് ബാറ്റ് വീശാന്‍ കഴിയുമോ എന്ന് ശനിയാഴ്ച ഉച്ചയോടെ മാത്രമേ ഉറപ്പിക്കാന്‍ കഴിയൂ.