മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ യുഎസിന് 162 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെടുത്തു.
സൂര്യകുമാർ യാദവിന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ വലിയ വീഴ്ചയിൽനിന്നും രക്ഷിച്ചത്. 49 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് നാല് സിക്സും പത്ത് ഫോറും ഉൾപ്പെടെ 84 റണ്‍സുമായി പുറത്താകാതെ നിന്നു.
സൂര്യകുമാർ യാദവിന് ഒഴികെ മറ്റാർക്കും യുഎസ് ബൗളിംഗിനു മുന്നിൽ താളം കണ്ടെത്താനായില്ല. എട്ട് റണ്‍സിനിടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. ഓപ്പണർ അഭിഷേക് ശർമയാണ് (0) ആദ്യം പവലിയൻ കയറിയത്.
അഭിഷേക് വീണതിനു പിന്നാലെ ഇഷാൻ കിഷനും (16 പന്തിൽ 20) തിലക് വർമയും (16 പന്തിൽ 25) ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും ഷാഡ്ലി വാൻ ഷാൽക്വിക് എറിഞ്ഞ ആറാം ഓവറിൽ ഇന്ത്യയുടെ താളം തെറ്റി. ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ എന്നി മുൻനിര ബാറ്റർമാരുടെ വിക്കറ്റാണ് ഷാഡ്ലി ഒരു ഓവറിൽ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ 5.6 ഓവറിൽ 46-4 എന്ന നിലയിലായി.
പിന്നീടാണ് സൂര്യകുമാർ യാദവ് രക്ഷാപ്രവർത്തനം ഏറ്റെടുത്തത്. അകസൽ പട്ടേൽ 11 പന്തിൽ 14 റണ്‍സും നേടി. ഇന്ത്യയുടെ നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കണ്ടത്.
യുഎസിനായി ഷാഡ്ലി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർമീത് സിംഗ് രണ്ട് വിക്കറ്റും അലി ഖാനും മുഹമ്മദ് മൊഹ്സിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.