ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ ഷർട്ട് ഊരി പ്രതിഷേധിച്ച നാല് യൂത്ത് കോണ്ഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു ഡൽഹി പോലീസ് നൽകിയ ഹർജി പരിഗണിച്ചാണ് പട്യാല ഹൗസ് കോടതി ഇവരെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
ബിഹാറിൽനിന്നുള്ള യൂത്ത് കോണ്ഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, യൂത്ത് കോണ്ഗ്രസ് ബിഹാർ സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, യൂത്ത് കോണ്ഗ്രസ് ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് അജയ് കുമാർ, തെലുങ്കാനയിലെ യൂത്ത് കോണ്ഗ്രസ് നേതാവ് നരസിംഹ യാദവ് എന്നിവരെയാണ് കഴിഞ്ഞദിവസം പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
റിമാൻഡ് കാലാവധി ആവശ്യമുയർത്തിയ പോലീസ് നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങൾക്കു സമാനമായി ഇവർ പ്രതിഷേധം നടത്തിയെന്നാണ് കോടതിക്കു മുന്നിൽ ചൂണ്ടിക്കാട്ടിയത്. ഇവർ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നും ഉച്ചകോടി നടക്കുന്ന വേദിയിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന ചിത്രമുള്ള ടി ഷർട്ടുകൾ ധരിച്ചെന്നും പോലീസ് വാദിച്ചു.
പ്രതിഷേധക്കാർ ഒരു രാഷ്ട്രീയ കക്ഷിയുമായി ബന്ധപ്പെട്ടവരാണെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശമാണു വിനിയോഗിച്ചതെന്നുമായിരുന്നു യൂത്ത് കോണ്ഗ്രസ് നേതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ വാദിച്ചത്.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിൽ കേന്ദ്രസർക്കാർ വിട്ടുവീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്ഗ്രസ് നേതാക്കൾ കഴിഞ്ഞദിവസം പ്രതിഷേധം നടത്തിയത്.
എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്നതടക്കം എഴുതിയ മോദിയുടെയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ചിത്രം പതിപ്പിച്ച ടി ഷർട്ടുകളും പ്രതിഷേധക്കാർ നിവർത്തിപ്പിടിച്ചിരുന്നു.