ആഡംബരത്തിന്റെ പര്യായമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ വിവാഹങ്ങൾക്കിടയിൽ മനുഷ്യത്വത്തിന്റെ വേറിട്ടൊരു മാതൃക തീർക്കുകയാണ് ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയായ സിദ്ധാർഥ് റായ്.
തന്റെ സഹോദരിയുടെ വിവാഹം വെറുമൊരു ആഘോഷമാക്കി മാറ്റുന്നതിന് പകരം, സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടവർക്ക് ആദരവ് നൽകാനുള്ള മനോഹരമായൊരു വേദിയാക്കി അദ്ദേഹം ഇതിനെ മാറ്റി.
ലക്ഷങ്ങളും കോടികളും പൊടിച്ച് താരപ്പൊലിമയോടെ വിവാഹങ്ങൾ നടത്തുന്ന ഇന്നത്തെ കാലത്ത്, തെരുവോരങ്ങളിൽ കഴിയുന്നവരെയും യാചകരെയും വിവാഹത്തിലെ മുഖ്യാതിഥികളായി ക്ഷണിച്ച സിദ്ധാർഥിന്റെ തീരുമാനം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന യാചകരെ പ്രത്യേക വാഹനങ്ങൾ ഏർപ്പാട് ചെയ്താണ് അദ്ദേഹം വിവാഹവേദിയിലേക്ക് എത്തിച്ചത്. കേവലം ഭക്ഷണം നൽകി മടക്കി അയക്കുക എന്നതിലുപരി, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നൽകുന്ന അതേ ബഹുമാനവും പരിഗണനയും അവർക്കും ഉറപ്പുവരുത്തി.
മറ്റ് അതിഥികൾക്കൊപ്പം ഒരേ പന്തിയിൽ ഇരുന്നാണ് ഇവർ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചത്. ആഘോഷങ്ങളുടെ ഭാഗമായ പാട്ടിനും നൃത്തത്തിനുമൊപ്പം യാതൊരു വിവേചനവുമില്ലാതെ അവരെയും പങ്കുചേർത്തത് വിവാഹത്തിനെത്തിയ മറ്റുള്ളവരിലും കൗതുകവും ഒപ്പം വലിയൊരു പാഠവും പകർന്നു നൽകി.
തങ്ങളുടെ ജീവിതത്തിൽ ആദ്യമായാണ് തങ്ങൾക്ക് ഇത്രയധികം സ്നേഹവും അംഗീകാരവും ലഭിക്കുന്നതെന്ന് പങ്കെടുത്ത അതിഥികളിൽ പലരും വികാരാധീനരായി സാക്ഷ്യപ്പെടുത്തി.
തങ്ങളെ ആരും കണ്ടില്ലെന്ന് നടിക്കുന്ന പൊതുസമൂഹത്തിന് മുന്നിൽ ലഭിച്ച ഈ ചേർത്തുപിടിക്കൽ വലിയൊരു വിഭാഗം ജനങ്ങൾക്കും പ്രചോദനമായിട്ടുണ്ട്.
സിദ്ധാർഥ് റായ് തന്നെ ഈ വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കകം അത് വൈറലായി മാറി. യഥാർഥ അനുഗ്രഹങ്ങൾ തേടിപ്പോകേണ്ടത് ഇത്തരം നിഷ്കളങ്കരായ മനുഷ്യരിലേക്കാണെന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
കേവലം പണക്കൊഴുപ്പിലൂടെയല്ല, മറിച്ച് മനുഷ്യത്വപരമായ പ്രവർത്തികളിലൂടെയാണ് ഒരു ആഘോഷം അവിസ്മരണീയമാക്കേണ്ടതെന്ന് ഈ വിവാഹം ലോകത്തോട് വിളിച്ചുപറയുന്നു.