ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ വാഹനപകടത്തെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ കാർ യാത്രികനെ കുത്തിക്കൊന്നു. ഫർണിച്ചർ വ്യവസായി ആകാൻഷ് സാഹു (27) ആണ് കൊല്ലപ്പെട്ടത്. പ്രതികൾ ഒളിവിലാണ്.
ഗോകുൽപൂരിലെ ദുർഗ്ഗാ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ആകാൻഷ് സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ബൈക്ക് യാത്രികൻ കുറച്ച് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. സ്ഥലത്തെത്തിയ സുഹൃത്തുക്കൾ ചേർന്ന് ആകാൻഷിനെ മർദിക്കുകയും കത്തികൊണ്ട് പലതവണ കുത്തുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ആകാൻഷിനെ നാട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ തിങ്കളാഴ്ച രാവിലെ മരണംസംഭവിച്ചു. അക്രമികളെ തിരിച്ചറിയാൻ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ബൈക്ക് യാത്രികൻ മദ്യപിച്ചിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു. ഉടൻ തന്നെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.