ടോക്കിയോ: ചൈനയിലുള്ള തങ്ങളുടെ പൗരന്മാർ സുരക്ഷാ കാര്യത്തിൽ ജാഗ്രതപുലർത്തണമെന്നു ജപ്പാൻ. ജനക്കൂട്ടങ്ങൾ ഒഴിവാക്കണം. ചൈനയുമായുള്ള ബന്ധം വഷളായിരിക്കേയാണു ജപ്പാന്റെ മുന്നറിയിപ്പ്.
ചൈന തായ്വാനെ ആക്രമിച്ചാൽ ജപ്പാനു സൈനികമായി പ്രതികരിക്കേണ്ടിവരുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനായി തകായിച്ചി പറഞ്ഞതാണു പ്രശ്നങ്ങളുടെ തുടക്കം. ജനാധിപത്യ സർക്കാർ ഭരിക്കുന്ന തായ്വാനെ തങ്ങളുടെ വിഘടിത പ്രവിശ്യയായിട്ടാണു ചൈന പരിഗണിക്കുന്നത്. സൈനിക നടപടിയിലൂടെ തായ്വാൻ പിടിച്ചെടുക്കുന്ന കാര്യം ചൈന തള്ളിക്കളഞ്ഞിട്ടില്ല.
പ്രശ്നപരിഹാരത്തിന് ജപ്പാനും ചൈനയും ചർച്ച നടത്തുന്നുണ്ടെങ്കിലും പ്രയോജനമില്ല. തകായിച്ചി പ്രസ്താവന പിൻവലിക്കണമെന്നാണു ചൈന ആവശ്യപ്പെടുന്നത്. ഇതു സാധ്യമല്ലെന്നു ജപ്പാനും വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ തങ്ങളുടെ പൗരന്മാർ ജപ്പാൻ സന്ദർശിക്കരുതെന്നു ചൈന നിർദേശിച്ചിരുന്നു. ജപ്പാനിലെത്തുന്ന ടൂറിസ്റ്റുകളിൽ നാലിലൊന്നും ചൈനക്കാരാണ്. ചൈനയുടെ നിർദേശം ജപ്പാന്റെ ടൂറിസംവിപണിക്കു തിരിച്ചടിയാകും.