തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് മുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. സാമൂഹിക മാധ്യമത്തിലൂടെയാണ് ശബരിനാഥൻ നിലപാട് അറിയിച്ചത്.
പ്രശാന്തിന് എംഎൽഎ ഹോസ്റ്റലിൽ മുറിയുണ്ടെന്നും പിന്നെ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നും ശബരീനാഥൻ ചോദിച്ചു.
നിയമസഭയുടെ എംഎൽഎ ഹോസ്റ്റലുള്ളത് വി.കെ. പ്രശാന്തിന്റെ വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിംഗും തുടങ്ങി എല്ലാ സൗകര്യവുമുള്ള എംഎൽഎ ഹോസ്റ്റലിൽ നിള ബ്ലോക്കിൽ 31,32 നമ്പറിൽ രണ്ട് ഓഫീസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള എംഎൽഎ ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നതെന്ന് ശബരിനാഥൻ ചോദിച്ചു.
ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എംഎൽഎ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് തന്റെ അഭിപ്രായമെന്നും എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണമെന്നും ശബരിനാഥൻ കുറിച്ചു.