കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ (കെഎസ്ഐടിഎല്‍) വരുമാനം ഓഡിറ്റ് ചെയ്യാനുള്ള സോഫ്റ്റ്വേര്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്റായി ചുമതലപ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കണ്‍സള്‍ട്ടന്‍സിയുടെ നേതൃത്വത്തില്‍ ഒരു മാസത്തിനകം പദ്ധതിക്കുള്ള റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍ തയാറാക്കും. തുടര്‍ന്ന് നടത്തിപ്പ് ഏജന്‍സിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച് ഏപ്രില്‍ 30നകം ഈ ഘട്ടം പൂര്‍ത്തിയാക്കുമെന്നും ബോര്‍ഡ് അറിയിച്ചു.
നേരത്തേ ദേവസ്വം വൗച്ചറുകളിലും നിലയ്ക്കലിലെ പെട്രോള്‍ പമ്പിന്റെ കാഷ് രജിസ്റ്ററിലും സന്നിധാനത്തെ നെയ് വില്പനയിലും ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയിരുന്നു. കണക്കെടുപ്പിന് മികച്ച സോഫ്റ്റ്വേര്‍ അനിവാര്യമാണെന്ന് ഈ കേസുകളില്‍ കോടതി വിലയിരുത്തിയിരുന്നു.
ഈ ഹർജിയിലാണു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. അതേസമയം, ഐടി പാര്‍ക്കുകള്‍ ഒരുക്കുന്ന കമ്പനിയെന്നാണ് കെഎസ്ഐടിഎല്ലിന്റെ പ്രൊഫൈലില്‍ കാണുന്നതെന്ന് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
കെഎസ്ഐടിഎല്ലിന് സോഫ്റ്റ്വേറുമായി ബന്ധപ്പെട്ട സാങ്കേതികപരിജ്ഞാനം പരിശോധിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ കോടതി തുടര്‍ന്ന് കെഎസ്ഐടിഎല്ലിനെ ഹര്‍ജിയില്‍ കക്ഷിചേര്‍ത്തു.