കണ്ണൂർ: കേരളത്തിലെ 80 ശതമാനത്തോളം വിദ്യാർഥികളും നഗര ഗ്രാമീണ വ്യത്യാസമില്ലാതെ ആശ്രയിക്കുന്നത് സ്വാശ്രയ കോളജുകളെയാണെന്നും അവയെ തകർക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നും മേയർ പി. ഇന്ദിര. സ്വാശ്രയ കോളജ് മാനേജ്മെന്റ് അസോസിയേഷൻ (കെഎസ്എംഎ) നടത്തിയ സ്വാശ്രയ കോളജ് സംരക്ഷണ ധർണ കണ്ണൂർ സർവകലാശാലയ്ക്കു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേയർ.
അടിസ്ഥാന സൗകര്യത്തിലും കലാകായികരംഗത്തും പഠന പാഠ്യേതര രംഗത്തും വളരെ മികച്ചു നില്ക്കുന്ന സ്ഥാപനങ്ങളാണ് സ്വാശ്രയ കോളജുകൾ. അതോടൊപ്പം ഓട്ടോണമസ് മേഖലയിലേക്കും പ്രൈവറ്റ് യൂണിവേഴ്സിറ്റികളിലേക്കും ഉയരാൻ തക്കവണ്ണം പ്രാപ്തി നേടിയ സ്ഥാപനങ്ങൾ കൂടിയാണ് സ്വാശ്രയ കോളജുകളെന്ന് മേയർ പറഞ്ഞു.
യോഗത്തിൽ പ്രസിഡന്റ് എംപിഎ റഹീം അധ്യക്ഷത വഹിച്ചു. ഡോ. ഷാഹുൽ ഹമീദ്, സച്ചിൻ സൂര്യകാന്ത മകേച്ച, പി.വി. സൈനുദ്ദീൻ, ബാലകൃഷ്ണൻ പെരിയ, സി. അനിൽകുമാർ ഫാ. ജോയ്, രാജൻ സി പെരിയ എന്നിവർ പ്രസംഗിച്ചു.
കോളജുകൾക്ക് അഫിലിയേഷൻ നൽകാതേയും അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ പരിഹരിക്കാതേയും മുന്നോട്ട് പോകുകയാണെങ്കിൽ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നല്കാനാണ് സംഘടനയുടെ തീരുമാനം.