ബ്രഹ്മാണ്ഡ ചിത്രം കൽക്കിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ അമിതാഭ് ബച്ചനാണ് പങ്കുവച്ചത്. അശ്വത്ഥാമയുടെ ഗെറ്റപ്പിലാണ് ബച്ചനുള്ളത്. പങ്കുവച്ച ചിത്രത്തിൽ കമൽഹാസനുമുണ്ടെന്നതാണ് പ്രത്യേകത.
1985ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഗിരഫ്താറിൽ ആണ് ഇതിനു മുമ്പ് ബച്ചനും കമലും ഒന്നിച്ചഭിനയിച്ചത്. കമലിനൊപ്പം വീണ്ടും സ്ക്രീൻ പങ്കിടുന്നതിലെ സന്തോഷം അദ്ദേഹം കുറിപ്പിലൂടെ പ്രകടിപ്പിച്ചു. ഹൈദരാബാദിലെ ശങ്കർപ്പള്ളിയിൽ ആണ് ലൊക്കേഷൻ. പ്രഭാസും ഉടൻ ജോയിൻ ചെയ്യും.
സുപ്രീം യാസ്കിൻ എന്ന വില്ലൻ കഥാപാത്രമായി എത്തുന്ന കമൽഹാസനാകും ഈ സിനിമയിലെ പ്രധാന ഹൈലൈറ്റ്. ആദ്യ ഭാഗത്ത് വളരെ കുറച്ചു രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ട താരം രണ്ടാം ഭാഗത്തിൽ മുഴുനീള വേഷത്തിൽ എത്തുന്നു. ആദ്യ ഭാഗത്തിൽ ബച്ചനും കമലും തമ്മിലുള്ള കോംബിനേഷൻ രംഗങ്ങൾ ഉണ്ടായിരുന്നില്ല. രണ്ടാം ഭാഗത്തിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടേക്കാം.
സിനിമയുടെ ചിത്രീകരണം ഈ വർഷം തന്നെ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ടാം ഭാഗത്തിന്റെ 35 ശതമാനം ആദ്യ ഭാഗത്തിന്റെ ഷൂട്ടിന്റെ സമയത്ത് തന്നെ ചിത്രീകരിച്ചുവെന്നും ബാക്കി പ്രീ പ്രൊഡക്ഷൻ നടക്കുകയാണെന്നും നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു.
നാഗ് അശ്വിൻ തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിൽ ദീപിക പദുകോൺ അവതരിപ്പിച്ച സുമന്തിയെന്ന കഥാപാത്രമായി സായ് പല്ലവി എത്തും. പ്രതിഫലം വർധിപ്പിച്ചതിനെ തുടർന്നാണ് ദീപികയെ മാറ്റി സായ് പല്ലവിയെ ആക്കിയത്.