കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സുനില്‍കുമാര്‍ എന്ന കൊടി സുനിയെ ജയില്‍ മാറ്റണമെന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍. മലപ്പുറം തവനൂര്‍ ജയിലില്‍ കഴിയുന്ന സുനിയെ കണ്ണൂര്‍ ജയിലിലേക്കു മാറ്റണമെന്നാണ് ആവശ്യം.
13 വര്‍ഷത്തിലേറെയായി മകനെ കാണാന്‍ സാധിക്കുന്നില്ലെന്നും തനിക്കു പ്രായാധിക്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. ഹര്‍ജിയില്‍ ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് സര്‍ക്കാരിന്റെ നിലപാട് തേടി.
പ്രായാധിക്യവും സന്ധിവാതം, ആസ്ത്മ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കാരണം മകനെ കാണാന്‍ കഴിയുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കണ്ണൂരിലെ തന്റെ വീട്ടില്‍നിന്നു തവനൂരിലേക്ക് ദീര്‍ഘദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന ആരോഗ്യസ്ഥിതിയില്ല .
2024ലും 2025ലും രണ്ടുതവണ സുനിക്ക് പരോള്‍ ലഭിച്ചിരുന്നെങ്കിലും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. അതിനാല്‍, കാണാന്‍ കഴിഞ്ഞില്ല.
ഇക്കൊല്ലം ആദ്യം മറ്റൊരു കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് സുനിയെ താത്കാലികമായി കണ്ണൂര്‍ ജയിലിലേക്കു മാറ്റി. അവിടെയായിരിക്കേ 15 ദിവസത്തെ പരോള്‍ അനുവദിച്ചു. എന്നാല്‍ പരോൾ കാലാവധി തീരുംമുമ്പ് പരോള്‍ വ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ചു സുനിയെ അറസ്റ്റ് ചെയ്തു ജയിലിലേക്ക് തിരികെ അയച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി 18ന് വീണ്ടും പരിഗണിക്കും.