തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും മൊഴി നൽകി.
എസ്ഐടി കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ചോദ്യം ചെയ്യലിൽ ആവർത്തിക്കുകയാണ് പത്മകുമാർ. ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല.
ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തതിനാലാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു. കട്ടിളപ്പാളികൾ കൊണ്ടുപോകുന്നതിനു മുമ്പ് മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിംഗ് വർക്കുകൾ പുറത്ത് കൊണ്ടുപോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാർ വിശദീകരിച്ചു.