ശ്രീനഗർ: ജമ്മുകാഷ്മീരിലെ എല്ലാ ജനങ്ങളും ഭീകരരല്ലെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമ്മൾ ഒരു കാര്യം ഓർക്കണം. ജമ്മുകാഷ്മീരിലെ എല്ലാ നിവാസികളും ഭീകരരോ ഭീകരരുമായി ബന്ധപ്പെട്ടവരോ അല്ല. ഇവിടെ എപ്പോഴും സമാധാനവും സാഹോദര്യവും നശിപ്പിച്ച ചുരുക്കം ചില ആളുകൾ മാത്രമാണിത്. ജമ്മുകാഷ്മീരിലെ ഓരോ നിവാസിയെയും ഓരോ കാഷ്മീരി മുസ്ലീമിനെയും ഒരൊറ്റ പ്രത്യയശാസ്ത്രത്തോടെ നോക്കുകയും അവരിൽ ഓരോരുത്തരും ഭീകരരാണെന്ന് കരുതുകയും ചെയ്യുമ്പോൾ, ജനങ്ങളെ ശരിയായ പാതയിൽ നിർത്താൻ പ്രയാസമാണ്'. അദ്ദേഹം പറഞ്ഞു.
ഡൽഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കാഷ്മീരി ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. സ്ഫോടനത്തിന് ഉത്തരവാദികളായവർക്കെതിരെ കർശനമായി നടപടി സ്വീകരിക്കണം. നിരപരാധികളെ ഇത്രയും ക്രൂരമായി കൊല്ലുന്നതിനെ ഒരു മതത്തിനും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.