തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും തന്ത്രി കണ്ഠര് രാജീവരെ പ്രതി ചേർക്കും.
കഴിഞ്ഞ ദിവസം ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കടത്താൻ സഹായിച്ചെന്ന കേസിലാണ് തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വർണപ്പാളി കേസിലും തന്ത്രിയെ ഉടൻ പ്രതി ചേർക്കും.
തന്ത്രി കണ്ഠര് രാജീവർക്കെതിരേ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം കഠിനതടവു വരെ കിട്ടാവുന്ന ഗൗരവതരമായ വകുപ്പുകളാണ്. തന്ത്രിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രത്യേക അന്വേഷണസംഘം അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്ത തന്ത്രിയെ പൂജപ്പുര സ്പെഷൽ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഗൂഢാലോചന, അനധികൃത സ്വത്ത് സന്പാദനം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള നിർണായക വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറും ശബരിമലയിലെ ദേവസ്വം ജീവനക്കാരും നൽകിയ മൊഴികളാണ് തന്ത്രിക്കു കുരുക്കായത്.
2004 മുതൽ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്നും പോറ്റിയെ ബംഗളൂരുവിലെ ക്ഷേത്രത്തിൽ മേൽശാന്തിയാക്കിയത് തന്ത്രിയാണെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. 2019 മേയിൽ പോറ്റി കട്ടിളപ്പാളി കടത്തിയപ്പോൾ തന്ത്രിയുടെ മൗനാനുവാദം ഉണ്ടായിരുന്നു. ആ സമയത്തും തന്ത്രി സന്നിധാനത്ത് പൂജ ചെയ്തിരുന്നു.
കട്ടിളപ്പാളി ശ്രീകോവിലിൽ ഇല്ലായിരുന്നുവെന്ന് അദ്ദേഹത്തിനറിയാമായിരുന്നിട്ടും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയില്ലെന്നാണ് എസ്ഐടി കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
തന്ത്രിയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയപ്പോഴും കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, താൻ നിരപരാധിയാണെന്നാണ് തന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചത്.
അതേസമയം ശബരിമലയിൽ നിന്നു സ്വർണം കവർച്ച ചെയ്തതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നാണ് തന്ത്രിയുടെ അഭിഭാഷകൻ വാദിക്കുന്നത്. തന്ത്രി ആചാരലംഘനം നടത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നും അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചനയുണ്ടെന്നും തന്ത്രിയുടെ അഭിഭാഷകൻ ആരോപിച്ചു.