നിലമ്പൂർ:നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സംസ്ഥാന കായകൽപ് അവാർഡ് സമ്മാനിച്ചു. മന്ത്രി വീണാ ജോർജിൽ നിന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട്് ഡോ. ഷിനാസ് ബാബു, ആർഎംഒ ഡോ. പ്രവീണ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. 2024 - 25 കായകൽപ് അവാർഡ് സംസ്ഥാനതല രണ്ടാംസ്ഥാനം,
2023 - 24 കായകൽപ് അവാർഡ് സംസ്ഥാനതല രണ്ടാംസ്ഥാനം, 2022 - 23 കായകൽപ് അവാർഡ് കമെന്റേഷൻ അവാർഡുകളാണ് മന്ത്രിയിൽ നിന്ന് ജില്ലാ ആശുപത്രി അധികൃതർ ഏറ്റുവാങ്ങിയത്. മന്ത്രി എം.ബി. രാജേഷ്, മലപ്പുറം ഡിഎംഒ ഡോ. ആർ. രേണുക, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. അടിസ്ഥാന സൗകര്യവികസനത്തിലും സേവന ലഭ്യതയിലും മികച്ച മുന്നേറ്റമുണ്ടാക്കിയതാണ് നിലന്പൂർ ജില്ലാ ആശുപത്രിയെ കായകൽപ് പുരസ്കരാത്തിന് അർഹമാക്കിയത്.
സംസ്ഥാനത്തെ ജില്ലാ, ജനറൽ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വിഭാഗത്തിൽ 92 ശതമാനം മാർക്ക് നേടിയാണ് ഈവർഷം നിലന്പൂർ ജില്ലാആശുപത്രിക്ക് രണ്ടാം സ്ഥാനം ലഭിച്ചത്.കഴിഞ്ഞ വർഷം 88.21 പോയിന്റ് നേടിയും നിലമ്പൂർ ജില്ലാ ആശുപത്രി രണ്ടാം സ്ഥാനം നേടിയിരുന്നു.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രതിദിനം 2000-2500 പേർ വരെ ഒപിയിലെത്തുന്നുണ്ട്. 142 കിടക്കകളുടെ സൗകര്യമാണുള്ളതെങ്കിലും 220 പേർക്ക് കിടത്തിച്ചികിത്സ നൽകുന്നുണ്ട്. പ്രതിമാസം 200ലേറെ പ്രസവവും നടക്കുന്നു. 89 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നു.
ഒരേ സമയം 16 പേർക്ക് സേവനം ലഭിക്കും. പ്രതിദിനം നാല് ഷിഫ്റ്റുകളിലായി 40 രോഗികളെയാണ് സൗജന്യമായി ഡയാലിസിസിന് വിധേയമാക്കുന്നത്. സ്ട്രോക്ക് യൂണിറ്റ്, കാർഡിയാക് യൂണിറ്റ്, മെഡിക്കൽ ഐസിയു, ജെറിയാട്രിക് വാർഡ്, ബ്ലഡ് ബാങ്ക്, വിമുക്തി ഡി അഡിക്ഷൻ സെന്റർ എന്നിവയുടെ സേവനവും നിലന്പൂർ ജില്ലാ ആശുപത്രിയിലുണ്ട്.