നടി കീർത്തി സുരേഷ് ഇപ്പോൾ തന്റെ കരിയറിലെയും ജീവിതത്തിലെയും സന്തോഷകരമായ ദിവസങ്ങളിലൂടെയാണു കടന്നുപോകുന്നത്. അഭിനയമികവ് കൊണ്ട് തെന്നിന്ത്യ കീഴടക്കിയ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ബോളിവുഡിലെ നിത്യഹരിത നായികമാർക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളിലൂടെയാണ്.
ബോളിവുഡ് ഐക്കണുകളായ രേഖ, റാണി മുഖർജി എന്നിവർക്കൊപ്പം കീർത്തി ചെലവഴിച്ച ഒരു സായാഹ്നത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത പാന്റ്സ് സ്യൂട്ടും ക്രോപ്പ് ടോപ്പും അണിഞ്ഞ് സുന്ദരിയായാണ് കീർത്തി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വെള്ള സൽവാർ കമീസും ഗോൾഡൻ ദുപ്പട്ടയും ധരിച്ചെത്തിയ രേഖയുടെ സാന്നിധ്യം ചിത്രങ്ങൾക്ക് കൂടുതൽ രാജകീയ പരിവേഷം നൽകി.
മെറൂൺ ടോപ്പിലും പിങ്ക് സാറ്റിൻ ട്രൗസറിലും റാണി മുഖർജി ക്ലാസിക് ലുക്കിൽ തിളങ്ങിയപ്പോൾ, ഹുമ ഖുറേഷിയും ഈ താരസംഗമത്തിൽ പങ്കുചേർന്നു. ഒരിക്കലും മറക്കാനാവാത്ത ഒരു സായാഹ്നം- എന്ന കുറിപ്പോടെ കീർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് വൈറലായത്.
സിനിമയിലും സജീവമാണ് കീർത്തിയിപ്പോൾ. വരാനിരിക്കുന്ന പ്രോജക്റ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിജയ് ദേവരകൊണ്ട നായകനാകുന്ന റൗഡി ജനാർദന എന്ന മാസ് ആക്ഷൻ ചിത്രമാണ്. രവി കിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വിജയ്യുടെ വ്യത്യസ്തമായ ഹെയർസ്റ്റൈലും ലുക്കും ഇതിനോടകം ചർച്ചയായി. തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തിൽ കീർത്തിയുടെ പുതിയ ചിത്രം തോട്ടം ആണ്. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ കീർത്തിയുടെ പ്രകടനം മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മർദാനി 3-ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന കിംഗ് എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് റാണി അടുത്തതായി അഭിനയിക്കുന്ന്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുഹാന ഖാൻ, അഭിഷേക് ബച്ചൻ തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്.