മുംബൈ: ഡാറ്റാ അനലിറ്റിക്സ് സ്ഥാപനം കെപ്ലർ നൽകുന്ന പ്രാഥമിക കണക്കുകൾ പ്രകാരം മാർച്ചിൽ റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ഓയിൽ ഇറക്കുമതി പ്രതിദിനം 8,00,000 ബാരലായി കുറഞ്ഞേക്കുമെന്നു കരുതുന്നു. 2022 മേയ്ക്കുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കെപ്ലർ നല്കുന്ന കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിദിനം 13 ലക്ഷം ബാരലായി തുടരുന്നു. എന്നാൽ, ഇതേ കാലയളവിൽ സൗദി അറേബ്യയിൽനിന്നുള്ള ഇറക്കുമതി 12.6 ലക്ഷം ബാരലിലെത്തി റിക്കാർഡ് കുറിച്ചു. ജനുവരിയിൽ റഷ്യയിൽനിന്നുള്ള എണ്ണ പ്രതിദിനം 12 ലക്ഷം ബാരലും സൗദിയിൽനിന്ന് 7,74,000 ബാരലുമായിരുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി റഷ്യയിൽനിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കെപ്ലർ പറയുന്നു. 2025 നവംബറിൽ പ്രതിദിനം 18 ബാരൽ ആയിരുന്നത് ഡിസംബർ, ജനുവരിയിൽ 11 ലക്ഷം ബാരലിലും 13 ലക്ഷം ബാരലിലുമെത്തി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെത്തുടർന്ന് ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ കുറഞ്ഞേക്കാം. എന്നാൽ, നിലവിലെ അവസ്ഥയിൽ പൂർണമായും നിർത്താനുള്ള സാധ്യതകൾ കുറവാണ്.
ഇന്ത്യക്കു മേൽ ഏർപ്പെടുത്തിയ പകരം തീരുവ 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി യുഎസ് കുറച്ചു. കൂടാതെ റഷ്യൻ ഓയിൽ വാങ്ങിയതിന് ഏർപ്പെടുത്തിയ 25 ശതമാനം തീരുവ പിൻവലിക്കുകയും ചെയ്തു. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്നും പകരം യുഎസിൽനിന്നും വെനസ്വേലയിൽനിന്നും എണ്ണ വാങ്ങുമെന്നും യുഎസ് അവകാശപ്പെടുന്നു. എന്നാൽ, ഇതേക്കുറിച്ച് ഇന്ത്യ ഒൗദ്യോഗികമായി പ്രഖ്യാപനമെന്നും നടത്തിയിട്ടില്ല.
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിവച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഇപ്പോൾ ഉപരോധങ്ങളില്ലാത്ത വിതരണക്കാരിൽനിന്ന് എണ്ണ വാങ്ങാൻ ആരംഭിച്ചു. അഞ്ച് യുറൽസ് കപ്പലുകൾ ഫെബ്രുവരിയിൽ ഇതുവരെ 2,42,000 ബാരൽ എണ്ണ ജാംനഗറിൽ എത്തിച്ചുവെന്ന് കെംപ്ലർ പറയുന്നു. എന്നാലിത് 2025ലെ ശരാശരി ഇറക്കുമതി നിരക്കായ 5,75,000 ബാരലിനേക്കാൾ കുറവാണ്.
സൗദിയുടെ തിരിച്ചുവരവ്
പരന്പരാഗതമായി ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ സൗദി അറേബ്യയായിരുന്നു. 2022ൽ ആരംഭിച്ച റഷ്യ-യുക്രെയിൻ യുദ്ധത്തിനു ശേഷം റഷ്യൻ എണ്ണ വലിയ വിലക്കിഴിവിൽ ലഭിച്ചു തുടങ്ങിയതോടെ സൗദിയെ റഷ്യ മറികടന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതിൽനിന്ന് ഇന്ത്യ പിന്മാറുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിൽ സൗദിയിൽനിന്നുള്ള ഇറക്കുമതി എക്കാലത്തെയും ഉയർന്ന നിരക്കായ പ്രതിദിനം 11.5 ലക്ഷം ബാരലിലേക്ക് എത്തിക്കുമെന്നാണ് കെപ്ലർ കണക്കാക്കുന്നത്.