തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വിജയക്കൊടി പാറിച്ച തെരഞ്ഞെടുപ്പു തന്ത്രങ്ങൾ സംസ്ഥാനത്തെ ആറു കോർപറേഷനുകളിലേക്കും പരീക്ഷിക്കുകയാണ് കോണ്‍ഗ്രസ്.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേതുപോലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപോ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയോ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു പ്രചാരണം കൊഴുപ്പിക്കുകയാണ് ആദ്യ ഘട്ടം. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോർപറേഷനിൽ 48 അംഗ സ്ഥാനാർഥി പട്ടിക കോണ്‍ഗ്രസ് ആദ്യം പ്രഖ്യാപിച്ചതും മേയർ സ്ഥാനാർഥിയായി മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ ഉയർത്തിക്കാട്ടിയതും.
ഇതേ മാതൃക അടുത്ത ദിവസങ്ങളിലായി മറ്റ് അഞ്ച് കോർപറേഷനുകളിലും സ്വീകരിക്കും. കൊച്ചിയിലടക്കം അടുത്ത ദിവസങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി റിബലുകളുടെ ശല്യമോ മറ്റ് അലോസരങ്ങളോ വാക്പോരുകളോ ഇല്ലാതെയാണ് പ്രധാനമായി സ്ഥാനാർഥി നിർണയം കോണ്‍ഗ്രസിനു പൂർത്തിയാക്കാനാകുന്നത്.
മുകളിൽ നിന്നു കെട്ടിയിറക്കുന്ന സ്ഥാനാർഥികളല്ല ഇത്തവണ കൂടുതലുമെന്ന വ്യത്യാസവുമുണ്ട്. മണ്ഡലം കമ്മിറ്റികൾ അടക്കമുള്ള പ്രാദേശിക ഘടകങ്ങൾ നിർദേശിച്ച പേരുകളാണ് പ്രധാനമായി നേതൃത്വം പരിശോധിച്ചത്. ഇതിൽ വിജയസാധ്യതയുണ്ടെന്നു കണ്ടെത്തിയവരുടെ സർവേ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ചുമതലയാകട്ടെ മുതിർന്ന നേതാക്കൾക്കാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് കെപിസിസി മുൻ അധ്യക്ഷൻ കെ. മുരളീധരനാണ് ചുമതലയെങ്കിൽ കൊല്ലം കോർപറേഷനിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറാണ് ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നത്.
കൊച്ചിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ടാണ് നിയന്ത്രണം ഏകോപിപ്പിക്കുന്നത്. കോഴിക്കോട് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും കണ്ണൂരിൽ കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരനും ഏകോപന പ്രവർത്തനം നടത്തും. തൃശൂർ കോർപറേഷന്റെ ചുമതല ടി.എൻ. പ്രതാപനാണ്.
ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ അടക്കം നടത്തിയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്.
മുതിർന്ന നേതാക്കളുടെ പൂർണ മേൽനോട്ടത്തിലാകും തെരഞ്ഞെടുപ്പു പ്രചാരണവും. നിലവിൽ കണ്ണൂർ കോർപറേഷനിൽ മാത്രമാണ് യുഡിഎഫിന് ഭരണമുള്ളത്. മറ്റ് അഞ്ചിടങ്ങളിലും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ഇത്തവണ നാലു കോർപറേഷനുകളിലെങ്കിലും ഭരണം പിടിച്ചെടുക്കുകയാണ് യുഡിഎഫ് ലക്ഷ്യം.
മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കോർപറേഷനുകളിലെ മിന്നും ജയം യുഡിഎഫിന് അത്യാവശ്യമാണെന്നു നേതാക്കൾ കരുതുന്നു. അതാണ് ഇത്രയും മുന്നൊരുക്കം നടത്തുന്നത്. സംസ്ഥാന സർക്കാരിനെതിരേയുള്ള ഭരണ വിരുദ്ധ വികാരത്തിനൊപ്പം തദ്ദേശ തലത്തിലെ അഴിമതികളും പ്രചാരണത്തിൽ ചൂണ്ടിക്കാട്ടി വോട്ടാക്കി മാറ്റാൻ ശ്രമിക്കുമെന്നു മുതിർന്ന നേതാക്കൾ പറയുന്നു.