മോസ്കോ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ചർച്ചയ്ക്ക് റഷ്യൻ പ്രസിഡന്റ് പുടിൻ തയാറാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
വ്യക്തമായ ഉദ്ദേശ്യത്തോടെയും പരസ്പര ബഹുമാനത്തോടെയും ആയിരിക്കണം ചർച്ച. യൂറോപ്യൻ നേതാക്കളും യുക്രെയ്നും റഷ്യയുമായി ചർച്ച ആരംഭിക്കണമെന്ന് മക്രോൺ അഭിപ്രായപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം നിലപാട് വിശദീകരിക്കാൻ പുടിൻ എപ്പോഴും തയാറാണെന്ന് പെസ്കോവ് അറിയിച്ചു. മര്യാദക്കാരായ ആരോടും പുടിൻ ചർച്ച നടത്തുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും പറഞ്ഞു.
ചില രാജ്യങ്ങൾ റഷ്യയുമായി ബന്ധം പുനഃസ്ഥാപിച്ച കാര്യം മക്രോൺ വെള്ളിയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. യൂറോപ്പും യുക്രെയ്നും പുടിനുമായി ചർച്ച പുനരാരംഭിക്കുന്നതു ഗുണകരമായിരിക്കുമെന്നും മക്രോൺ കൂട്ടിച്ചേർത്തു.