ന്യൂഡൽഹി: നിയമസഭയോടുകൂടിയ പ്രത്യേക കേന്ദ്രഭരണപ്രദേശം അടക്കമുള്ള കാര്യങ്ങളിൽ ഉടൻ കേന്ദ്രസർക്കാർ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടു കുക്കി- സോ ഗോത്ര സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്നു ബഹുജനറാലി നടക്കും. കുക്കി-സോ ഗോത്രക്കാർക്കു മേധാവിത്തമുള്ള ജില്ലകളിൽ നടക്കുന്ന റാലിയിൽ പതിനായിരങ്ങൾ അണിനിരക്കുമെന്ന് കുക്കി സംഘടനകളുടെ നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ മെയ്തെയ്കളുടെ നിയന്ത്രണത്തിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള കേന്ദ്രനീക്കം ശക്തമായ പശ്ചാത്തലത്തിലാണ് കുക്കികളുടെ ഐക്യദാർഢ്യ ശക്തിപ്രകടനം. രാഷ്ട്രീയ പരിഹാരം വേഗത്തിലാക്കുന്നതിനായി നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ കുക്കി-സോ കൗണ്‍സിൽ മുഴുവൻ ഗോത്രജനങ്ങളോടും ആഹ്വാനം ചെയ്തു. ചുരാചന്ദ്പുരിലെ റാലി ഗോത്ര നേതാക്കളുടെ ഫോറമാണു സംഘടിപ്പിക്കുന്നത്. ഐക്യദാർഢ്യത്തിന്റെ അടയാളമായി ജില്ലയിലെ എല്ലാ സ്കൂളുകളും സ്ഥാപനങ്ങളും അടച്ചിടാൻ സംഘാടകർ അഭ്യർഥിച്ചു.
പുനരധിവാസം ഉൾപ്പെടെയുള്ളവ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരടക്കം മെയ്തെയ്കൾ തലസ്ഥാനമായ ഇംഫാലിൽ തിങ്കളാഴ്ച നടത്തിയ റാലിക്കു പിന്നാലെയാണ് കുക്കികളുടെ ബഹുജനറാലി. മെയ്തെയ്കളുടെ മണിപ്പുർ ഇന്റഗ്രിറ്റി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും (കൊക്കോമി) കുടിയിറക്കപ്പെട്ടവരുടെയും പ്രതിനിധികൾ ലോക്ഭവനിൽ ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ടു ചർച്ച നടത്തിയിരുന്നു.
2023 മേയ് മൂന്നിന് തുടങ്ങിയ കലാപത്തിലെ ഭയാനകവും ക്രൂരവുമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുക്കി-സോ ജനതയ്ക്കായി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം വേണമെന്ന് കുക്കി ഗോത്ര കൗണ്‍സിൽ ആവശ്യപ്പെട്ടു. ഒരേ ഭരണ ക്രമീകരണത്തിനു കീഴിൽ സംസ്ഥാനത്തു തുടരുക അസാധ്യമാണ്. അതിനാൽ ഔപചാരികമായും ജനാധിപത്യപരമായും പ്രത്യേക സ്വയംഭരണപ്രദേശമോ കേന്ദ്രഭരണ പ്രദേശമോ വേണമെന്ന് കുക്കി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
പുതിയ സർക്കാർ രൂപീകരിക്കാൻ ശ്രമം ഊർജിതം
ബിജെപിക്കാരടക്കം പത്തു കുക്കി എംഎൽഎമാരിൽ ചിലരെ കൂടെക്കൂട്ടി മണിപ്പുരിൽ സർക്കാർ രൂപീകരിക്കാൻ കേന്ദ്രസർക്കാരും ബിജെപിയും ശമം ശക്തമാക്കി. ആസാമിലെ ഗോഹട്ടിയിൽ ഇതുസംബന്ധിച്ച് ഏതാനും കുക്കി എംഎൽഎമാരുമായി കേന്ദ്രപ്രതിനിധികൾ ഇന്നലെ ചർച്ച നടത്തിയതായി മെയ്തെയ്കൾ അവകാശപ്പെട്ടു. ഓപ്പറേഷൻ ഓഫ് സസ്പെൻഷൻ കരാറിൽ ഒപ്പുവച്ച കുക്കി എംഎൽഎമാരെ വശത്താക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്.
പുതിയ മണിപ്പുർ സർക്കാരിൽ കുക്കി-സോ എംഎൽഎമാർ ചേർന്നാൽ അരാജകത്വം സംഭവിക്കാമെന്ന് കുക്കി-സോ ഗോത്ര സംഘടനകളുടെ കൂട്ടായ്മയായ കുക്കി- സോ കൗണ്‍സിൽ തലവൻ ഹെൻലിയാന്താംഗ് താംഗ്ലെറ്റ് മുന്നറിയിപ്പ് നൽകി. പ്രത്യേക ഭരണത്തിനായി പ്രധാനമന്ത്രിക്ക് ആദ്യം കത്തെഴുതിയത് പത്തു കുക്കി-സോ എംഎൽഎമാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്തു കുക്കി എംഎൽഎമാരിൽ ഏഴു പേർ ബിജെപിക്കാരാണ്.