അബുജ: നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കെബ്ബി സംസ്ഥാനത്ത് ബുധനാഴ്ചയായിരുന്നു ആക്രമണമെന്ന് പോലീസ് വക്താവ് ബഷീർ ഉസ്മാൻ അറിയിച്ചു.
സോകോതോ സംസ്ഥാനത്തുനിന്നാണ് ഭീകരർ കെബ്ബി യിലെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ലാകുറാവ ഭീകരരാണ് ആക്രമണം നടത്തിയത്. കന്നുകാലികളെ മോഷ്ടിക്കാനാണ് ഭീകരരെത്തിയത്.
സോകോതോ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങൾ ലാകുറാവ ഭീകരരുടെ പിടിയിലാണ്. വടക്കുപടിഞ്ഞാറൻ നൈജീരിയയിലാണ് സംഘം സജീവമായിട്ടുള്ളത്.
ഗ്രാമവാസികളെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകുന്നതും പതിവാണ്. ഭീകരരെ അമർച്ച ചെയ്യാൻ 100 യുഎസ് സൈനികർ നൈജീരിയയിലെത്തുമെന്ന് സൈന്യം ഈയാഴ്ച അറിയിച്ചിരുന്നു.