തിരുവനന്തപുരം: സാഹിത്യകാരന്മാര് നല്ല സംസ്കാരത്തിലേക്കു നമ്മെ നയിക്കുന്നുവെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. സാഹിത്യകാരനും ബഹുഭാഷാ പണ്ഡിതനും ഭരണകര്‍ത്താവുമായിരുന്ന ഷെവ. ഐ.സി. ചാക്കോയുടെ സ്മരണാര്‍ഥം ചങ്ങനാശേരി അതിരൂപത ഏര്‍പ്പെടുത്തിയ സാഹിത്യ, സാംസ്കാരിക അവാര്‍ഡ് പിഎംജി ലൂര്‍ദ് ഹാളില്‍ വി.ജെ. ജയിംസിനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസിതമായിരുന്നു ക്രൈസ്തവര്‍ക്കിടയിലെ സാഹിത്യം. ക്രൈസ്തവ ചിന്തകള്‍ പ്രസരിപ്പിക്കുന്ന ഒട്ടേറെ രചനകളുണ്ട്. എഴുത്തില്‍ ക്രൈസ്തവര്‍ക്ക് വലിയ പാരമ്പര്യമുണ്ട്. ആദ്യകാലത്ത് പ്രിന്റിംഗ് പ്രസുകള്‍ ഉണ്ടായിരുന്നതും ക്രൈസ്തവര്‍ക്കാണ്.
ഷെവ. ഐ.സി. ചാക്കോ ശാസ്ത്രജ്ഞനും സാഹിത്യകാരനും എന്നതിലുപരി കേരളത്തിന് വലിയ സംഭാവനകള്‍ നല്കിയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഈ കാലഘട്ടത്തില്‍ വി.ജെ. ജയിംസിനെപ്പോലെ മികച്ച രീതിയില്‍ സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവരുണ്ട് എന്നത് അഭിമാനകരമാണ്. മലയാള സാഹിത്യത്തില്‍ ഇനിയും മികച്ച സംഭാവനകള്‍ നല്കുന്നതിനു വി.ജെ. ജെയിംസിനു സാധിക്കട്ടെയെന്നും ആര്‍ച്ച് ബിഷപ് ആശംസിച്ചു.
അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഷെവ. ഐ.സി. ചാക്കോയെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കലും കറ പുരണ്ടില്ല. നാട്ടിലെ ജനങ്ങള്ക്കിഷ്ടമില്ലാത്തതൊന്നും ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമി മുന്‍ ചെയര്മാന് പ്രേംകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ചങ്ങനാശേരി അതിരൂപത കാര്‍പ്പ് കോ-ഓര്‍ഡിനേറ്റര്‍ ടോം ജോസഫ് ചമ്പക്കുളം പ്രശസ്തിപത്രം വായിച്ചു.
അവാര്‍ഡ് ജേതാവ് വി.ജെ. ജയിംസ് മറുപടിപ്രസംഗം നടത്തി. ലൂര്‍ദ് ഫൊറോന വികാരിയും ചങ്ങനാശേരി അതിരൂപത വികാരി ജനറാളുമായ മോണ്‍. ജോണ്‍ തെക്കേക്കര സ്വാഗതവും അതിരൂപത ജാഗ്രത സമിതി ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍ നന്ദിയും പറഞ്ഞു.